നവതലമുറ ബന്ധങ്ങളുടെ മൂല്യങ്ങള്‍ തിരിച്ചറിയുന്നവരാകണം | ഖലീല്‍ തങ്ങള്‍

 


മലപ്പുറം: ലഹരിയും ധനാര്‍ത്തിയും മനുഷ്യന്റെ തിരിച്ചറിവുകളെ നഷ്ടപ്പെടുത്തുകയാണെന്നും സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്‌കാര ശൂന്യമായ ഭാവിയെ നാം അഭിമുഖീകരിക്കേണ്ടി വരുമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവിച്ചു.

ജന്മം നല്‍കിയ മാതാവിന്റെ രോദനം പോലും ക്രൂരമായി ആസ്വദിക്കുന്നവര്‍ നമ്മെ ഭീതിയിലായിലാഴ്ത്തുന്നു. നവ തലമുറയെ ബന്ധങ്ങളുടെ മൂല്യങ്ങള്‍ തിരിച്ചറിയുന്നവരായി വളര്‍ത്താന്‍ നാം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നവംബര്‍ മാസത്തില്‍ അന്താരാഷ്ട്രതലത്തില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണ സംഗമം സ്മാര്‍ട്ട് ഇവൻ്റസ്-2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്നും മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നുമുള്ള വിജയികള്‍ക്ക് പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അബ്ദുസ്സമദ് യൂണിവേഴ്‌സിറ്റി മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. 

പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് അധ്യക്ഷത വഹിച്ചു. കെ.പി.എച്ച്.തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പ്രൊഫ.കെ.എം.എ റഹീം, സി.പി.സൈതലവി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, യഅ്ഖൂബ് ഫൈസി, ഇബ്രാഹിം ബാഖവി മേല്‍മുറി, ഡോ.ഉമറുല്‍ ഫാറൂഖ് കോട്ടുമല, മുഹമ്മദലി മുസ്‌ലിയാര്‍, എ.കെ.കുഞ്ഞീതു മുസ്‌ലിയാര്‍, സൈതലവി ശാമില്‍ ഇര്‍ഫാനി പ്രസംഗിച്ചു.


Post a Comment

Thanks

Previous Post Next Post