ഇനിയും മടിക്കരുത്; 10 ദിവസം, ഒരു ലക്ഷം പേരെ സ്ക്രീൻ ചെയ്തതു, 5185 പേരിൽ കാൻസര്‍ സാധ്യതാ സംശയം, തുടര്‍ പരിശോധന


തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്.   


സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 5185 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.  98,329 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിംഗ് നടത്തി. അതില്‍ 3193 പേരെ (3 ശതമാനം) സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 51,950 പേരെ ഗര്‍ഭാശയഗള കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 2042 പേരെ (4 ശതമാനം) തുടര്‍ പരിശോധനയ്ക്കായും 30,932 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 249 പേരെ (1 ശതമാനം) തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു.  സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. വ്യക്തികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.  സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ എല്ലാ സ്ത്രീകളും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗ് നടത്തണം. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ മുഴകളോ മരവിപ്പോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. 


രോഗം സംശയിക്കുന്നവര്‍ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ലഭ്യമാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha