ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി


തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ വിരുദ്ധ പരിഷ്‌കരണമാണെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.


ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, തൃണമൂല്‍, ബിഎസ്പി, എഎപി തുടങ്ങി പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.


ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് രാം കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ശൈത്യകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha