മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി; എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി


* താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈബ്രാഞ്ചിലേക്ക് മാറ്റി.


തിരുവനന്തപുരം: മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി. മലപ്പുറം എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.


മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റി.


വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതിനിടെ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് നടപടിക്ക് കാരണം.


സംസ്ഥാന പൊലീസിനെ ഉലച്ച വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നാണ്. പൊലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളന വേദിയില്‍ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്. പിന്നീട് മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും ആരോപണം എത്തി. ഇതിന് പിന്നാലെ മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരികയായിരുന്നു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha