"ബുദ്ധിപരിമിത സൗഹൃദ മലപ്പുറം ജില്ല "മലപ്പുറം പരിവാർ ദ്വൈമാസ ക്യാംപയിൻ ഉദ്ഘാടനം


മലപ്പുറം : ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ - "ബുദ്ധി പരിമിത സൗഹൃദ മലപ്പുറം ജില്ല " എന്ന സന്ദേശത്തിൽ ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി  നടക്കുന്ന  ദ്വൈമാസ ക്യാംപയിനിൻ്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നിർവ്വഹിച്ചു. ക്യാംപയിൻ   പദ്ധതി രൂപരേഖ  കൈപ്പുസ്തകത്തിൻ്റെ പ്രകാശനവും അവർ നിർവ്വഹിച്ചു.

 ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് ആർ.പി.ഡബ്ളിയു ആക്ടും  നാഷണൽ ട്രസ്റ്റ് ആക്ടും സർക്കാർ മാർഗ്ഗരേഖകളും വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും  സൗകര്യങ്ങളും   ലഭ്യമാക്കുക ,             ബഡ്സ് - ബി.ആർ.സി, സ്പെഷ്യൽ സ്കൂളുകൾ ,പൊതു വിദ്യാലയങ്ങൾ എന്നിവ സർക്കാർ മാർഗ്ഗരേഖകളും ഭിന്നശേഷി നിയമങ്ങളും അനുശാസിക്കുന്ന നിലവാരത്തിലേക്കുയർത്തുക,  സ്ഥാപനങ്ങൾ ആവശ്യമുള്ള ഇടങ്ങളിൽ അവ സ്ഥാപിതമാക്കുക എന്നിവയാണു  ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. 

ക്യാംപയിനിൻ്റെ ഭാഗമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെയും  കുടുംബങ്ങളുടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി  "അദാലത്ത് മീറ്റു" കൾക്കൊപ്പം മേൽ സ്ഥാപനങ്ങളെക്കുറിച്ചു  വിശദമായ പഠനം നടത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാറിനും  റിപ്പോർട്ടുകൾ കൈമാറി  പരിഹാരത്തിനു ശ്രമം നടത്തുകയും ചെയ്യും .

പരിവാർ ജില്ലാ ജന: സെക്രട്ടറി ജാഫർ ചാളക്കണ്ടി  അദ്ധ്യക്ഷത വഹിച്ചു . പരിവാർ ജില്ലാ പ്രസിഡണ്ട് പി.ഖാലിദ് മാസ്റ്റർ വിഷയാവതരണം നടത്തി. ജില്ലാ  കോഡിനേറ്റർ സിദ്ദീഖ് ഒഴൂർ , അസി: കോഡിനേറ്റർ സിദ്ദീഖ് മാളിയേക്കൽ പ്രസംഗിച്ചു.
ജില്ലാ ജോ: സെക്രട്ടറിമാരായ കൃഷ്ണകുമാർ തേഞ്ഞിപ്പലം സ്വാഗതവും ഷിജു കരുളായി നന്ദിയും പറഞ്ഞു. 

രാവിലെ 10 മണിക്ക് നടന്ന മലപ്പുറം  പരിവാർ വളണ്ടിയേർസ് കോർ സംഗമം  ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി & സബ് ജഡ്ജ് ഷാബിർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ ട്രഷറർ അബ്ദുസ്സമദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.
  ട്രോമാകെയർ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ .പ്രതീഷ്  ക്ളാസ് എടുത്തു .   വളണ്ടിയേഴ്സ് കോർ ചെയർമാൻ അയ്യൂബ് താഴെക്കോട് വളണ്ടിയേഴ്സ് ടാഗ് പ്രകാശനം നിർവ്വഹിച്ചു.
 ജില്ലാ സെക്രട്ടറി സ്വഫ് വാൻ മലപ്പുറം സ്വാഗതം പറഞ്ഞു.  വളണ്ടിയേഴ്സ് വനിതാ വിംഗ് ലീഡർ റൈഹാനത്ത് മഞ്ചേരി നന്ദി പറഞ്ഞു .

Post a Comment

Thanks

Previous Post Next Post