തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തവും പനിയും മറ്റു പകർച്ച രോഗങ്ങളും വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ മികച്ച ചികിൽസക്ക് വേണ്ടി ആശ്രയിക്കുന്ന തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ സാധാരണ നടക്കുന്ന ജനറൽ ഒ.പി. കൂടാതെ പകർച്ച രോഗങ്ങൾക്ക് മാത്രമായി മൂന്ന് മാസ കാലത്തേക്കെങ്കിലും സ്പെഷൽ ഒ.പി. തുടങ്ങുന്നതിന് വേണ്ടി രണ്ട് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ തന്നെ രണ്ടായിരത്തിന് മുകളിൽ രോഗികൾ ദിവസവും ചികിൽസ തേടി എത്തുന്നുണ്ട്. രണ്ട് ഡോക്ടർമാരാണ് ഇവിടെ ജനറൽ ഒ.പി. യിൽ പരിശോധനക്ക് ഉണ്ടാവുന്നത്. ആശുപത്രിയിൽ എത്തുന്ന ഭൂരിപക്ഷം രോഗികളും ജനറൽ ഒ.പി. യിലാണ് കാണിക്കാറുള്ളത്. രോഗികളുടെ എണ്ണം കൂടിയത് കൊണ്ട് തന്നെ നീണ്ട ക്യൂവ് അനുഭവപ്പെടുകയാണ്. ഉള്ള ഡോക്ടർമാർ നിശ്ചിത സമയത്തിലും അധിക സമയം രോഗികളെ നോക്കിയിട്ടും രാവിലെത്തെ ഒ.പി. യിൽ വരുന്നവർക്ക് ഈവനിംഗ് ഒ.പി.യിൽ ഏറെ നേരം കാത്ത് നിന്നതിന് ശേഷമാണ് ഡോക്ടറെ കാണാൻ സാധിക്കാറ്. ഈവനിംഗ് ഡ്യൂട്ടിക്ക് താലൂക്ക് ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമെയുള്ളു. വൈകുന്നേരം 6 മണിക്ക് ഈവനിംഗ് ഒ.പി. അവസാനിച്ചാൽ പിന്നീടുള്ള രോഗികൾക്ക് ആശ്രയം ക്യാഷാലിറ്റിയാണ്.
അത്യാഹിതരോഗികളെ പരിശോധിച്ചതിന് ശേഷമെ ഇവിടെയും മറ്റ് രോഗികളെ പരിശോധിക്കാൻ പറ്റുകയുള്ളു. താലൂക്ക് പരിധിയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാവാതെ കൂടുതൽ വ്യാപിച്ച് കൊണ്ടിരിക്കുകയും മറ്റു പകർച്ച രോഗങ്ങൾ കൂടുകയും ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ പകർച്ച രോഗങ്ങൾക്ക് വേണ്ടി മാത്രമായി സ്പെഷൽ ഒ.പി. ആരംഭിച്ചാൽ ഒരു പരിധി വരെ രോഗ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുമെന്നും അയൽ ജില്ലകളിൽ നിന്നോ മറ്റോ രണ്ട് ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം താലൂക്ക് ആശുപത്രിയിലേക്ക് നൽകണമെന്നും അഷ്റഫ് കളത്തിങ്ങൽ പാറ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
إرسال تعليق
Thanks