മലപ്പുറം മലപ്പുറം കുടുംബകോടതി പരിസരത്ത് ഭർതൃ മാതാവിനെ മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തയെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തയുടെ മകൾ ദിൽഷയുടെ ഭർത്താവ് വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തു. ദിൽഷ ബൈജുമോനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് 2023 ൽ മലപ്പുറം കുടുംബ കോടതിയെ സമീപിച്ചിരുന്നു.
ഇരുവരെയും കൗൺസിലിംഗിന് അയച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിയിരുന്നു. കോടതി മുറിയിൽ നിന്നും പുറത്തിറങ്ങിയ ബൈജു മോൻ ഓട്ടോറിക്ഷ കൊണ്ട് ദിൽഷയെ ഇടിച്ചു വീഴ്ത്തി. ഇവരെ സഹായിക്കാൻ വന്ന ശാന്തയെ ഓട്ടോ റിക്ഷയിൽ നിന്നും വടിവാൾ എടുത്ത് വെട്ടുകയായിരുന്നു. ശാന്തയുടെ പുറത്തും തുടയിലും വെട്ടേറ്റു. പുറത്ത് ഏറ്റ പരിക്ക് ഗുരുതരമാണ്. ബൈജുമോനെ കോടതി പരിസരത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും അഭിഭാഷകരും ചേർന്ന് തടഞ്ഞു വെച്ചു. മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം ജില്ലാ ആശുപത്രിയിലെത്തിച്ച ശാന്തയെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും മാറ്റി. ബൈജുമോന് തന്നെ സംശയം ആണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ദിൽഷ ബൈജു മോനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടത്. 2016 ൽ വിവാഹിതരായ ഇവർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്. ബൈജുമോന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.
إرسال تعليق
Thanks