പ്രായത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ 121 വയസ്സുകാരി വളാഞ്ചേരിയിലെ കുഞ്ഞീരുമ്മ മരണപ്പെട്ടു.



വളാഞ്ചേരി: പ്രായത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വളാഞ്ചേരിയിലെ കലമ്പൻ വീട്ടിൽ കുഞ്ഞീരുമ്മ മരണപ്പെട്ടു.121-ാമത്തെ വയസ്സിലാണ് മരണം. അവസാനകാലത്തും സംസാരിക്കാനുള്ള നേരിയ ബുദ്ധിമുട്ട് ഒഴിച്ചാല്‍ നല്ല ആരോഗ്യവതിയായിരുന്നു കുഞ്ഞീരുമ്മ. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുഞ്ഞീരുമ്മ വോട്ട് ചെയ്തിരുന്നു.


ആധാര്‍ കാര്‍ഡനുസരിച്ച് 1903 ജൂണ്‍ രണ്ടിനാണ് കുഞ്ഞിരുമ്മയുടെ ജനനം. പിറന്നാളിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കുഞ്ഞീരുമ്മ ഓര്‍മകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ജൂണിൽ 120-ാം ജൻമദിനം കുടുംബം ആഘോഷമാക്കിയിരുന്നു.ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ്ബുക്കില്‍ ഇടംനേടിയ കലമ്പന്‍ വീട്ടില്‍ കുഞ്ഞീരുമ്മ സ്‌പെയിനിലെ 116 വയസ്സുകാരി മരിയ ബ്രാന്‍യാസിനെയും മറികടന്നിരുന്നു .

 അവസാനകാലമായപ്പോഴും കേള്‍വിക്കും സംസാര ശേഷിക്കും അല്‍പം കുറവ് വന്നതൊഴിച്ചാല്‍ കുഞ്ഞീരുമ്മ ആരോഗ്യവതിയായിരുന്നുവെന്ന് കുഞ്ഞീരുമ്മയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ പറയുന്നു.
കൂടുതല്‍ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്‌സ് ദിനത്തില്‍ കുഞ്ഞിരുമ്മ ഏറ്റുവാങ്ങിയിരുന്നു.ഔപചാരിക വിദ്യാഭ്യാസമില്ലാത്ത കുഞ്ഞീരുമ്മ ഓത്തുപള്ളിയില്‍ പോയതാണ് ആകെയുള്ള വിദ്യാഭ്യാസം. എപ്പോഴും ഒരു തസ്ബീഹ് മാല കയ്യിലുണ്ടായിരുന്നു. ഓര്‍മശക്തി അല്‍പം നശിച്ചെങ്കിലും 1921 ലെ മഹാ സമരകാലത്ത് ഉപ്പാപ്പയെ ബ്രിട്ടീഷ് പട്ടാളം പിടിച്ചുകൊണ്ടു പോയതും നാലു മാസത്തിനുശേഷം വിട്ടയച്ചതും ഓര്‍മകളിലുണ്ട്.

പതിനേഴാം വയസ്സിലാണ് കുഞ്ഞീരുമ്മയുടെ വിവാഹം നടന്നത്.കലമ്പന്‍ സൈതാലിയാണ് കുഞ്ഞീരുമ്മയുടെ ഭര്‍ത്താവ്. പതിമൂന്ന് മക്കളിൽ 3 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി അഞ്ച് തലമുറയ്ക്ക് ഉമ്മയായിരുന്നു കുഞ്ഞിരുമ്മ. ഒരു നൂറ്റാണ്ടിന്റെ കഥ പറഞ്ഞിരിക്കാൻ ഇനി കുഞ്ഞീരുമ്മ ഇല്ല . ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha