ലോക്‌സഭാ തെരഞ്ഞെടുപ്പ് യു.ഡി. എഫ്. ന് പിന്തുണ.ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി .



മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ്. സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി .രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന വിദേശത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്നവരും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ച് വന്നവരുമായ പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  കാണിച്ചിട്ടുള്ളത് തികഞ്ഞ അവഗണനയായിരുന്നുവെന്നും പ്രവാസികളുടെ വളരെ കാലത്തെ ആവശ്യമായ പ്രവാസി വോട്ടവകാശം യാഥാർത്യമാക്കാൻ സുപ്രീം കോടതി നിർദ്ദേശം വന്നിട്ട് പോലും കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്നും പ്രവാസികളുടെ ക്ഷേമത്തിന് ഉണ്ടായിരുന്ന പ്രവാസി വകുപ്പും മന്ത്രിയും ഇല്ലാതാക്കിയതിലൂടെ  കേന്ദ്ര സർക്കാർ അത് തെളിയിച്ചുവെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും കൺവീനർ മുഹമ്മദലി ചുള്ളിപ്പാറയും പറഞ്ഞു.
 
കോവിഡ് കാലത്ത് കോവിഡ് ബാധിച്ച് നിരവധി പേർ വിദേശത്ത് മരണപ്പെട്ടിരുന്നു. ഓരോ കുടുംബത്തിന്റെയും അത്താണികളെയാണ് അന്ന് നഷ്ടപ്പെട്ടത്. ഇന്ത്യയിൽ  കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകിയപ്പോൾ  വിദേശത്ത് വെച്ച് മരണപ്പെട്ട സ്വന്തം പൗരൻമാർക്ക് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകാതെ രണ്ടാം തരം പൗരൻമാരായി കണ്ട് അവഗണിച്ചു കേന്ദ്ര-കേരള സർക്കാർ. വിദേശങ്ങളിൽ പുതിയ തൊഴിൽ നിയമം നടപ്പിലാക്കിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ പുനരധിവസിപ്പിക്കുവാനോ സഹായിക്കാനോ സർക്കാരുകൾ തയ്യാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ പ്രവാസി ക്ഷേമത്തിന് ഫണ്ടുകൾ വകയിരുത്താതെ പ്രവാസികളെ അവഗണിച്ചവരാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ .

 പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ  നടപടിയെടുക്കാൻ കഴിയാതെ പ്രവാസി ചൂഷണത്തിന് വിമാന കമ്പനികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. എമിഗ്രേഷൻ ഇനത്തിലൂടെ കോടിക്കണക്കിന് രൂപ പ്രവാസികളിൽ നിന്നും ഈടാക്കി വെച്ചിട്ടുള്ള കേന്ദ്ര സർക്കാർ വിദേശത്ത് വെച്ച് അന്യായമായി ജയിലിലടക്കപ്പെട്ട് കഴിയുന്ന പ്രവാസികളുടെ മോചനത്തിനോ വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ ഉപയോഗപ്പെടുത്താതെ ഖജനാവിൽ അടച്ച് വെച്ചിരിക്കുകയാണെന്നും പ്രവാസികളുടെ ക്ഷേമത്തിനും ആവശ്യങ്ങൾക്കും പരിഗണന നൽകുന്ന യു.ഡി. എഫ്. മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി തീരുമാനിച്ചിരിക്കുകയാണെന്നും പ്രവാസികളും അവരുടെ കുടുംബങ്ങളും ഇതിന് വേണ്ടി രംഗത്തിറങ്ങുമെന്നും  അഷ്റഫ് കളത്തിങ്ങൽ പാറയും മുഹമ്മദലി ചുള്ളി പാറയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post