അഞ്ച് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി മൂന്നിയൂരിലെ ഏഴ് വയസ്സുകാരന്‍


മൂന്നിയൂർ :

 അഞ്ചുമാസം കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി വിസ്മയമാവുകയാണ് ഖുത്ബുസ്സമാന്‍ എജ്യുലാന്റ് വിദ്യാർത്ഥി ഏഴ് വയസ്സുകാരന്‍ റയ്യാന്‍ അഹ്‌മദ്.


 മൂന്നിയൂരിലെ കെ.എം. അബ്ദുറഊഫിന്റെയും സാജിദയുടേയും മകനായ റയ്യാന്‍ ഏതാനും മാസങ്ങൾക്കു മുമ്പാണ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാന്‍ എജ്യുലാന്റിൽ പ്രവേശനം നേടുന്നത്. ഖുര്‍ആന്‍ പഠനത്തോടൊപ്പം സ്‌കൂള്‍ വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ കൊച്ചു മിടുക്കൻ പാരായണ മികവ് കൊണ്ടും ശ്രദ്ധേയനാണെന്ന് അധ്യാപകർ പറയുന്നു. 


ചുരുങ്ങിയ കാലം കൊണ്ട് പഠനം പൂർത്തിയാക്കി സ്ഥാപനത്തിലെ വിദ്യാർത്ഥികൾ മുമ്പും  ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ഏഴ് വയസ്സിൽ അഞ്ചു മാസംകൊണ്ട് പൂർത്തിയാക്കുന്നത് ആദ്യമായിട്ടാണെന്ന് പ്രിന്‍സിപ്പാൾ ഹാഫിസ് ശാഹ് അബ്ദുല്‍ ഖാദിര്‍ ജീലാനി അനുമോദന സംഗമത്തിൽ പറഞ്ഞു. 

ശാഹ് മുഹമ്മദ് ഹനീഫ് ജീലാനി, ശാഹ് മുഹമ്മദ് ശരീഫ് ജീലാനി എന്നിവരുടെ മേല്‍നോട്ടത്തിലാണ് റയ്യാന്‍ അഹ്‌മദ് പഠനം നടത്തിയത്. ഖുത്ബുസ്സമാന്‍ എജ്യുലാന്റില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സയില്‍ കെ.പി.എസ് തങ്ങള്‍ വല്ലപ്പുഴ, അബ്ദുല്‍ വഹാബ് ഹുദവി, ശാഹ് മുഹമ്മദ് സ്വാദിഖ് ജീലാനി, അബ്ദുസ്സലാം മന്നാനി, ശാഹ് അബ്ദുസ്സലാം ജീലാനി, ശാഹ് മുഹ്‌യിദ്ദീന്‍ ജീലാനി, ശാഹ് അബ്ദുന്നാസിർ ജീലാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha