രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന്‌ ഉണ്ടായേക്കും


രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.


മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനായി അയോഗ്യത നീക്കിയ കോടതി ഉത്തരവടക്കം രേഖകളുമായി സ്പീക്കറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്ന് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ഈ മാസം 8, 9 തീയതികളിൽ ആണ് ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുക.


അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. ലോകസഭ അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങി തിങ്കളാഴ്ച തന്നെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ചൊവ്വാഴ്ച നടക്കുമ്പോള്‍ രാഹുല്‍ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്.


സുപ്രിംകോടതി വിധിവന്നതിന് പിന്നാലെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട്, രാഹുലിന്റെ അയോഗ്യത നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചക്കുള്ളില്‍ അയോഗ്യത പിന്‍വലിക്കുന്ന നടപടി ഉണ്ടായില്ലെങ്കില്‍, നിയമപരമായ പോരാട്ടങ്ങളിലേക്ക് അടക്കം നീങ്ങനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനകം അയോഗ്യനാക്കിയെങ്കില്‍, അതേ വേഗതയില്‍ തന്നെ അയോഗ്യത പിന്‍വലിക്കാനും നടപടി ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ പ്രചരണമാക്കാനും കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തില്‍ തന്നെ രാഹുല്‍ഗാന്ധി സഭയിലെത്തിയാല്‍ അത് ഒരു രാഷ്ട്രീയ വിജയമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha