ഹജ്ജ് 2023: കരിപ്പൂരില്‍ നിന്ന് 44 വിമാനങ്ങള്‍; ഒരു വളണ്ടിയര്‍ക്ക് രണ്ട് വിമാനത്തിലെ ഹാജിമാരുടെ ചുമതല


കൊണ്ടോട്ടി | ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നത് 44 വിമാനങ്ങള്‍. കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമായി 6,322 പേരാണ് തിരഞ്ഞെടുത്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനമാണ് കരിപ്പൂരിന് അനുവദിച്ചിട്ടുള്ളത്. 44 വിമാനങ്ങളിലായാണ് 6,322 ഹാജിമാരെ കൊണ്ടുപോവുക. ഒരു വിമാനത്തില്‍ പരമാവധി 140 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. ഈ രൂപത്തില്‍ യാത്ര ക്രമീകരിച്ചതിനാല്‍ ഒരു വളണ്ടിയര്‍ക്ക് രണ്ട് വിമാനങ്ങളിലെ യാത്രക്കാരുടെ ചുമതലയുണ്ടായിരിക്കും.


2,213 ഹാജിമാര്‍ പുറപ്പെടുന്ന കൊച്ചിയിലേക്ക് ആറു വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. സഊദി അറേബ്യയുടെ ജംബോ ജെറ്റ് വിമാനമാണ് ഇവിടെ നിന്ന് ഹാജിമാരെ കൊണ്ടുപോകുന്നത്. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് 1,170 പേര്‍ക്ക് കൂടി അവസരം ലഭിച്ചതോടെ വിമാനങ്ങളുടെ എണ്ണം കൂടും.


ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നു. അയര്‍ലന്‍ഡ്-എമിഗ്രേഷന്‍ കസ്റ്റംസ്, സി ഐ എസ് എഫ്, സെക്യൂരിറ്റി, അഗ്‌നിശമന സേന തുടങ്ങി വിവിധ ഏജന്‍സികളുടെ യോഗമാണ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നടന്നത്. കോഴിക്കോട്ട് നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ് അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് ഒഫീഷ്യല്‍ പി കെ അസ്സയിന്‍, യു അബ്ദുറഊഫ്, കെ സലീം സംബന്ധിച്ചു. കൊച്ചിയില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു അധ്യക്ഷത വഹിച്ചു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha