കണ്ണൂര്‍: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപനത്തിന്റെ ഭാഗമായി 50 പൊതു സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഗാന്ധിയന്‍ മാനിഫെസ്റ്റോ: പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ' എന്ന വിഷയത്തിലുള്ള കവി പിഎന്‍ ഗോപീകൃഷ്ണന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിച്ചത്. എഡ്യുസൈന്‍ എക്‌സ്‌പോയില്‍ ഫോറിന്‍ സ്റ്റഡി സമ്മിറ്റ്, മാനേജ്മെന്റ് പഠനം ഐ ഐ എമ്മില്‍ എന്നീ സമ്മേളനങ്ങളും ഇന്നലെ നടന്നു. കളക്ട്രേറ്റ് മൈതാനം, നെഹ്റു കോര്‍ണര്‍, കാള്‍ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ വേദികളിലാണ് വൈകീട്ട് 5 മണി മുതല്‍ രാത്രി 10 വരെ സമ്മേളനങ്ങള്‍. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷ രാഷ്ട്രീയം, ക്യാമ്പസ് രാഷ്ട്രീയം, ഗാന്ധി നെഹ്റു അംബേദ്കര്‍ ആസാദ് എന്നിവരുടെ ദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങളും ഭാഷണങ്ങളും നടക്കും.
കലക്ട്രേറ്റ് മൈതാനിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു നടന്ന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാളെ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ പി കെ സുരേഷ് കുമാര്‍ (അംബേദ്കറുടെ രാഷ്ട്ര സങ്കല്പങ്ങള്‍ സാമൂഹിക ഭാവനകള്‍), ഡോ. കെ എം അനില്‍ (നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടുകള്‍) വെസ്റ്റ് ബംഗാള്‍ പവര്‍ ഡെവലപ്പമെന്റ് ചെയര്‍മാന്‍ പി ബി സലിം ഐ എ എസ് (എക്‌സിസിക്യൂട്ടീവ് നിര്‍ണയിക്കുന്ന ജനാധിപത്യം), മുഹമ്മദലി പുത്തൂര്‍ (മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നു, ഇന്ത്യയുടെ ഭാവിയെയും) എന്നിവര്‍ പ്രഭാഷണം നടത്തും.
ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ല: പി എന്‍ ഗോപീ കൃഷ്ണന്‍
കണ്ണൂര്‍: ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ലെന്ന് കവി പി. എന്‍ ഗോപീകൃഷ്ണന്‍. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ ഗാന്ധിയന്‍ മാനിഫെസ്റ്റോ : പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും അവസാന വ്യക്തിയെ നോക്കി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തണമെന്ന ഗാന്ധിയന്‍ ആശയത്തിലേക്ക് രാജ്യം വളര്‍ന്ന് വരണം. സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളായിരുന്നു ഗാന്ധിയുടെത്. സ്വന്തം പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെതിരെയും വിയോജന സമരം നടത്താന്‍ സന്നദ്ധമായ ജനാധിപത്യപാഠമാണ് ഗാന്ധി കാണിച്ചു തന്നത്. ഗാന്ധിയും നെഹ്‌റുവും വിഭാവനം ചെയ്ത ഇന്ത്യ ഇനിയും പുലരേണ്ടതുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉന്മൂലനം ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയം രാജ്യ താത്പര്യത്തിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ് ആമുഖ ഭാഷണം നടത്തി.
ഫോട്ടോ : കേരള വിദ്യാർത്ഥി സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ ഗാന്ധിയൻ മാനിഫെസ്റ്റോ പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ എന്ന വിഷയത്തിൽ കവി പി എൻ ഗോപി കൃഷ്ണൻ പ്രഭാഷണം നടത്തുന്നു
Post a Comment
Thanks