കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി. അബ്ദുറഹിമാന്‍

 


⭕കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഉന്നതതല സമിതി നിര്‍ദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും ഖബര്‍സ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാല്‍ മതിയെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇത് ഏറെ ആശ്വാസകരമാണ്. നേരത്തെ 18.5 ഏക്കറായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കുമെന്നും ആരെയും തെരുവിലിറക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.



സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ റണ്‍വേക്ക് ഇരു വശങ്ങളിലുമായി ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണ്. വിമാനത്താവള റണ്‍വേ വികസനം വേഗത്തിലാക്കിയാല്‍ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും സാധിക്കുകയുള്ളു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് തടസങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ടി.വി ഇബ്രാഹിം എം.എല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുള്‍പ്പടെ ജനപ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ മന്ത്രി പരിഗണിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha