തസ്തികമാറ്റത്തിന്‌ ജീവനക്കാര്‍ക്ക് ഇനി ഓഫീസ് മേലധികാരിയുടെ എതിര്‍പ്പില്ലാ രേഖ വേണ്ട



സർക്കാർ ജോലിയിലുള്ളവർ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഓഫീസ് മേലധികാരിയുടെ എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) വാങ്ങിക്കേണ്ടതില്ല. പി.എസ്.സി.യുടെ ഓൺലൈൻ അപേക്ഷയിൽ നിലവിലെ ജോലി രേഖപ്പെടുത്തി അപേക്ഷ നൽകാം.


ചുരുക്കപ്പട്ടികയിലോ റാങ്ക്പട്ടികയിലോ ഉൾപ്പെടുന്നവരെ രേഖാപരിശോധനയ്ക്ക് ക്ഷണിക്കുമ്പോൾ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി, 2019 ഡിസംബറിൽ മന്ത്രിസഭാ യോഗം അനുമതി നൽകിയ പരിഷ്കാരത്തിന്റെ ഉത്തരവ് നവംബർ 30 മുതൽ പ്രാബല്യത്തിലായി. നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനാണ് കാലതാമസമുണ്ടായതെന്ന് ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് അറിയിച്ചു. നിയമസഭാ സമിതിയുടെയും പി.എസ്.സി.യുടെയും നിയമവകുപ്പിന്റെയും അനുമതിയോടെയാണ് ഉത്തരവിറക്കിയത്.




സർക്കാർ ജോലിക്കാർക്ക് യോഗ്യതയുള്ളപക്ഷം പി.എസ്.സി.യുടെ നേരിട്ടുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാം. തസ്തികമാറ്റത്തിന് പുറമെയാണിത്. എന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് ജീവനക്കാരൻ നിലവിലെ ഓഫീസ് മേധാവിയിൽനിന്ന് എതിർപ്പില്ലാരേഖ (ഫോം ഓഫ് റസീപ്റ്റ്) വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് ഇത് വാങ്ങി സൂക്ഷിക്കണം. ഇതില്ലാത്തതിന്റെ പേരിൽ പുതിയ ജോലി നഷ്ടപ്പെട്ടവരുണ്ട്. ഈ വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.

Post a Comment

Thanks

أحدث أقدم