| കോഴിക്കോട് |
▶️പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സർജൻമാരും പണിമുടക്കിയതോടെ പ്രതിസന്ധിയിലായി രോഗികൾ.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി.കളിൽ പകുതി ഡോക്ടർമാർ മാത്രമാണ് എത്തിയത്. ഇതേത്തുടർന്ന് രാവിലെ മുതൽ ആശുപത്രിയിൽ എത്തിയ രോഗികളിൽ പലരും മടങ്ങി.
അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടക്കുന്നത്.
സമരത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സീനിയർ ഡോക്ടർമാരെ പുനർ വിന്യസിച്ച് ബദൽ സംവിധാനമൊരുക്കി.
സമരത്തിലുള്ള ഹൗസ് സർജൻമാരെ ആരോഗ്യ മന്ത്രി ചർച്ചയ്ക്ക് വിളിച്ചു.
സമരം നടത്തുന്ന പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും.
അത്യാഹിത വിഭാഗങ്ങൾ ബഹിഷ്‌കരിച്ചാണ് പി ജി ഡോക്ടർമാരുടെ സമരം. ഒ പി, ഐപി, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയും ബഹിഷ്‌കരിക്കും. അതേസമയം കൊവിഡ് ഡ്യൂട്ടി നിർവഹിക്കും. സമരം കൂടുതൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി വിദ്യാർത്ഥികൾ സമരത്തിലാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്.
പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചു. നീറ്റ് പി.ജി അലോട്‌മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
إرسال تعليق
Thanks