പലവ്യഞ്ജന കിറ്റ് വിതരണ തീയതി നീട്ടി.
തിരുവനന്തപുരം: സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം മേയ് 21വരെ നീട്ടി. റേഷൻകടകളിലെ തിരക്ക് പരിഗണിച്ചാണ് ഒരുദിവസംകൂടി തീയതി നീട്ടി നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. 80 ലക്ഷം കാർഡ് ഉടമകളാണ് ഇതുവരെ സൗജന്യ കിറ്റ് കൈപ്പറ്റിയത്.
അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം റേഷൻ കാർഡിന് അപേക്ഷിച്ച 17,000 കുടുംബങ്ങൾക്ക് പുതിയ കാർഡ് നൽകിയിട്ടുണ്ട്. അവർക്കും റേഷനും പലവ്യഞ്ജന കിറ്റും മേയ് 21ന് ലഭ്യമായി തുടങ്ങും. ലോക്ഡൗൺ മൂലം പുറത്ത് താമസിക്കുന്നവർക്ക് സത്യവാങ്മൂലം ഹാജരാക്കി ഇപ്പോൾ താമസിക്കുന്ന റേഷൻ കടയിൽനിന്ന് 21 മുതൽ കിറ്റ് വാങ്ങാം.
ഇത് സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ സ്വന്തം കാർഡിൽ രേഖപ്പെടുത്തിയ താലൂക്ക് സൈപ്ല ഓഫിസറുടെയോ റേഷനിങ് ഇൻസ്പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പരിൽ ബന്ധപ്പെടണം. റേഷൻ കടകളിൽനിന്ന് കിറ്റു വാങ്ങാൻ സാധിക്കാതെ വരുന്നവർക്ക് സെപ്ലെകോ വിപണനശാലകൾ വഴി മേയ് 25ന് ശേഷം കിറ്റുകൾ ലഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള മേയിലെ അരി, കടല/ ചെറുപയർ എന്നിവയുടെ റേഷൻ കടകൾ വഴിയുള്ള വിതരണം 21ന് ആരംഭിക്കും.
Post a Comment
Thanks