കോഴിക്കോട് വെച്ച് ട്രെയിൻ തട്ടികൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊണ്ടോട്ടി പുത്തൻ മാളിയാക്കൽ ചോണേങ്ങൽ അബ്ദുൽ മജീദിന്റെ മകൻ ഫലാഹ് (21) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ റയിൽവെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്നിലും പിന്നിലുമായെത്തിയ ട്രെയിനുകൾ തട്ടിയാണ് രണ്ട് യുവാക്കൾ മരിച്ചത്. കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കുന്ന ചെറിയപുരയിൽ സി.പി. മൻസൂർ (24) ആണ് മരിച്ച മറ്റെയാൾ. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപവും തിരുവങ്ങൂരും വെച്ച് ഒരു മണിക്കൂറിനുള്ളിൽ ആണ് അപകടങ്ങൾ സംഭവിച്ചത്.
തിരുവനന്തപുരത്തുനിന്ന് മദാർ ജങ്ഷനിലേക്ക് പോകുകയായിരുന്ന മദാർ സ്പെഷ്യൽ എക്സ്പ്രസ് വെള്ളയിൽ സ്റ്റേഷന് സമീപത്തുവച്ചാണ് മുഹമ്മദ് ഫലാഹിനെ ഇടിച്ചത്. കടകളിൽ മിഠായി വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ഫലാഹ്, വീഡിയോ കോൾ ചെയ്തുകൊണ്ട് റെയിൽവേ പാളത്തിന് സമീപത്തൂടെ നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഇയാളുടെ തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെത്തി. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഈ അപകടത്തെത്തുടർന്ന് തിരുവനന്തപുരം നോർത്തിൽനിന്ന് അമൃത്‌സറിലേക്ക് പോവുകയായിരുന്ന അമൃത്സർ എക്സ്പ്രസ് മുക്കാൽ മണിക്കൂറോളം വെള്ളയിൽ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. പിന്നീട് പാളത്തിൽ നിന്ന് മൃതദേഹം നീക്കിയ ശേഷം യാത്ര തുടർന്ന അമൃത്സർ എക്സ്പ്രസ്, 15 കിലോമീറ്ററുകൾക്കപ്പുറം തിരുവങ്ങൂരിലെത്തിയപ്പോഴാണ് സി.പി. മൻസൂറിനെ തട്ടിയത്. മൻസൂറും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഖദീജയാണ് ഫലാഹിന്റെ മാതാവ്. മുഹമ്മദ് ഡാനിഷ്, മുഹമ്മദ് അദ്നാൻ, സന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. നിയമപരമായ നടപടിക്രമങ്ങളും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

إرسال تعليق
Thanks