വാഹന ഇൻഷുറൻസ് നിയമങ്ങൾ മാറുന്നു; ഡിസംബർ 15 മുതൽ പുതിയ ഘടന


ന്യൂഡല്‍ഹി: സ്വകാര്യ കാർ, ഇരുചക്രവാഹന ഇൻഷുറൻസ് പോളിസികളിൽ ഡിസംബർ 15 മുതൽ പുതിയ ഘടന നിലവിൽ വരും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നാല് വിഭാഗങ്ങളുള്ള ഘടനയാണ് അവതരിപ്പിച്ചിരിക്കുന്നത്. 


സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന് നവംബർ രണ്ടിന് പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് മാറ്റം. സ്റ്റാൻഡ്-എലോൺ ഹെൽത്ത്, സ്പെഷ്യലൈസ്ഡ് ഇൻഷുറർമാർ ഒഴികെയുള്ള എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികൾക്കും ചട്ടം ബാധകമാണ്.


പുതിയ ചട്ടപ്രകാരം ഓരോ പരിരക്ഷയുടെയും പ്രീമിയം കമ്പനികൾ പ്രത്യേകം വ്യക്തമാക്കുകയും വിശദീകരിക്കുകയും വേണം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പരിരക്ഷകൾ തിരഞ്ഞെടുക്കാൻ കൂടുതൽ വ്യക്തതയും സൗകര്യവും ലഭിക്കാനാണിത്.

നാല് വിഭാഗങ്ങൾ ഇങ്ങനെ:


 വിഭാഗം I (നിർബന്ധം): അപകടത്തിൽ മൂന്നാം കക്ഷിക്കുണ്ടാകുന്ന പരിക്ക്, മരണം, വസ്തുവകകളുടെ നാശനഷ്ടം എന്നിവയ്ക്കുള്ള ഉടമയുടെ നിയമപരമായ ബാധ്യത.


 വിഭാഗം II (ഓപ്ഷണൽ): കാറിലെ യാത്രക്കാർ, ബൈക്കിലെ പിൻസീറ്റ് യാത്രക്കാർ എന്നിവരോടുള്ള നിയമപരമായ ബാധ്യത. ജീവനക്കാർക്കും ഇത് ലഭ്യമാക്കാം.

 

വിഭാഗം III (നിർബന്ധിതവും ഓപ്ഷണലും): വാഹന ഉടമയ്ക്ക് വ്യക്തിഗത അപകട പരിരക്ഷ നിർബന്ധമാണ്. ഉടമയല്ലാത്ത ഡ്രൈവർമാർ, യാത്രക്കാർ, പിൻസീറ്റ് യാത്രക്കാർ എന്നിവർക്കുള്ള അധിക പരിരക്ഷ ഓപ്ഷണലാണ്.


 വിഭാഗം IV (ഓപ്ഷണൽ): 


ഇൻഷുർ ചെയ്ത വാഹനത്തിന് ഉണ്ടാകുന്ന നഷ്ടമോ കേടുപാടുകളോ (ഓൺ-ഡാമേജ് കവർ).

തേർഡ്-പാർട്ടി ബാധ്യത നിർബന്ധമായി തുടരുമ്പോൾ, യാത്രക്കാരോടുള്ള ബാധ്യതയും സ്വന്തം വാഹനത്തിന്റെ കേടുപാടുകൾക്കുള്ള പരിരക്ഷയും ഓപ്ഷണലായിരിക്കും. 


ഓൺലൈനായോ ഓഫ്‌ലൈനായോ പോളിസി എടുക്കുമ്പോൾ ആവശ്യമായ ഓപ്ഷനുകൾ ടിക്ക് ചെയ്ത് തിരഞ്ഞെടുക്കാം. പൂരിപ്പിച്ച ഓപ്ഷൻ ഫോം കമ്പനികൾ വാങ്ങുന്നത് നിർബന്ധമാണ്. നിലവിലുള്ള പോളിസി ഉടമകൾക്ക് അധിക പ്രീമിയം നൽകി പോളിസി കാലയളവിനുള്ളിൽ തന്നെ രണ്ടാം വിഭാഗത്തിലെ പരിരക്ഷ കൂട്ടിച്ചേർക്കാനും സൗകര്യമുണ്ടാകും.

Post a Comment

Thanks

Previous Post Next Post