സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമൺകാവിലും തിരുവനന്തപുരം കല്ലമ്പലത്തുമാണ് ദാരുണമായ സംഭവങ്ങളുണ്ടായത്
കൊല്ലം നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ - രേഷ്‌മ ദമ്പതികളുടെ മകൻ ദേവദർശിനെയാണ് (11) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎൻഎസ് സെൻട്രൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ടോടെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അദ്ധ്യാപിക വിളിച്ചറിയിച്ചതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കല്ലമ്പലം ഞെക്കാട് സ്വദേശിനി സഞ്ജനയെയാണ് (16) ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്ന് പോയിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ സ്റ്റെയർകേസിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..

Post a Comment
Thanks