കരിപ്പൂർ വിമാനത്താവളത്തിൽ റെസ നിർമാണം അവസാനഘട്ടത്തിലേക്ക് l അടുത്ത മാസം മുതൽ പകൽ വിമാന സർവീസുകളിൽ നിയന്ത്രണം


കോഴിക്കോട്:കരിപ്പൂർഅന്താരാഷ്ട്രവിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ അടുത്ത മാസം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ വിമാന സമയങ്ങളിൽ മാറ്റം വരുത്തുന്നു.


പകൽ സമയത്ത് സർവീസുകൾ കുറച്ച് നിർമാണത്തിന് സൗകര്യമൊരുക്കാനാണ് എയർപോർട്ട് അതോറിറ്റി ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നിർദേശം വിവിധ വിമാന കമ്പനികൾക്ക് നൽകിക്കഴിഞ്ഞു.


വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാൽ സുരക്ഷിതമായി പിടിച്ചുനിർത്താൻ സഹായിക്കുന്ന റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ നിർമാണം നിലവിൽ അവസാനഘട്ടത്തിലാണ്.


പകൽ സമയത്ത് റൺവേ ഭാഗികമായി അടച്ചിട്ട് മൂന്ന് മാസത്തിനുള്ളിൽ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്റൺവേയുടെ ഇരുവശങ്ങളിലുമുള്ള റെസയുടെ നീളം നിലവിലുള്ള 90 മീറ്ററിൽ നിന്ന് 240 മീറ്ററായി വർധിപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനായി പാതയുടെ ഇരുഭാഗത്തും വലിയ തോതിൽ മണ്ണിട്ട് ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു.


2020 ഓഗസ്റ്റ് 7-നുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകട അന്വേഷണത്തിൽ, റെസയ്ക്ക് ആവശ്യത്തിന് നീളമുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം റെസ 240 മീറ്ററാക്കി ഉയർത്താൻ നിർദേശിച്ചത്.


484.57 കോടി രൂപ ചെലവഴിച്ചാണ് ഈ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവൃത്തികൾ വിജയകരമായി പൂർത്തിയാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Thanks

أحدث أقدم