വഖഫ് ബോർഡിൽ കാന്തപുരത്തിന് പ്രതിനിധി സമവായം; തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അംഗത്വമൊഴിയും


തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന സമസ്ത കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഭാഗത്തിൻ്റെ രൂക്ഷമായ പ്രതിഷേധത്തിന് ഒടുവിൽ സമവായം. വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് തർക്കമില്ലാത്ത പ്രാതിനിധ്യം ഉറപ്പാക്കാനും അതനുസരിച്ച് മറ്റു ബോർഡുകളിലെ സ്ഥാനമാനങ്ങളിൽ മാറ്റങ്ങൾ വരുത്താനും ധാരണയായി. കെ.പി. നൗഷാദലി എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും പ്രമുഖ സുന്നി നേതാക്കളുമായി നടത്തിയ നിർണായക ചർച്ചകളെ തുടർന്നാണ് ഈ പ്രശ്നപരിഹാരം സാധ്യമായത്.


പദവികളിൽ കൈമാറ്റം; സമവായം ഇങ്ങനെ

പുതിയ ധാരണ പ്രകാരം:വഖഫ് ബോർഡ്: പുതിയ ബോർഡിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡിൽ നിന്ന് രാജിവെക്കും. ഈ ഒഴിവിലേക്ക് കാന്തപുരം വിഭാഗത്തിലെ പ്രതിനിധിയെ നിയമിക്കും.


ഹജ്ജ് കമ്മിറ്റി: കാന്തപുരം വിഭാഗക്കാരനായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് പദവി ഒഴിയും. പകരം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കും.


നേരത്തെ വഖഫ് ബോർഡ് പുനഃസംഘടനയിൽ എം.സി. മായിൻ ഹാജിയെ ചെയർമാനാക്കുകയും പ്രാതിനിധ്യത്തിൽ തങ്ങളെ പൂർണമായും തഴയുകയും ചെയ്‌തതിൽ കടുത്ത അമർഷത്തിലായിരുന്നു കാന്തപുരം വിഭാഗം.


കടുത്ത പ്രതിഷേധവും 'സിറാജ്' മുഖപ്രസംഗവും

വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽ മുൻപന്തിയിലുള്ള തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തത് വഞ്ചനാപരമാണെന്ന് കാന്തപുരം വിഭാഗം മുഖപത്രമായ 'സിറാജ് മുഖപ്രസംഗത്തിലൂടെ വിമർശിച്ചിരുന്നു.

തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ തട്ടിയെടുത്തു എന്നാരോപിച്ച് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒക്ടോബർ 22-ന് സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ചും പ്രഖ്യാപിച്ചു.

വിഷയം കടുക്കുമെന്നും സമുദായത്തിനുള്ളിൽ വലിയ ഭിന്നതയുണ്ടാകുമെന്നും കണ്ടതോടെയാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഇടപെട്ടത്. പരാതി ന്യായമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കുമെന്നും ലീഗ നേതൃത്വം വ്യക്തമാക്കുകയായിരുന്നു. പരാതികൾ പരിഹരിക്കപ്പെട്ട് കാന്തപുരംവിഭാഗത്തിന് ബോർഡിൽ അർഹമായ സ്ഥാനം ഉറപ്പായതോടെ, ഒക്ടോബർ 22-ന് നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ കേരള മുസ്ലിം ജമാഅത്ത് താൽക്കാലികമായി പിൻവലിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.


Post a Comment

Thanks

Previous Post Next Post