ഗ്യാനേഷ് കുമാർ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധവുമായി സി.ജെ.പി


മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.


ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച മുംബൈയിലെ ദാദർ ശിവാജി പാർക്കിൽ ‘ജയിൽ ഭരോ ആന്ദോളൻ’ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അറിയിച്ചു.


മുംബൈയ്ക്ക് പുറമെ ഗോവ, കർണാടക, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ അവസാനം മുതൽ ഡ ൽഹിയിലെ ജന്തർ മന്തറിലും പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സി.ജെ.പി. അറിയിച്ചു.


ശിവാജി പാർക്കിലെ സമരത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതായി സംഘാടകർ അറിയിച്ചു. മറ്റൊരു വേദി കണ്ടെത്തി അനുമതിക്ക് അപേക്ഷിക്കാൻ പോലീസ് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.


അതേസമയം, ഒക്ടോബർ 4ന് മുംബൈയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മാർച്ച് നടത്തുമെന്ന് മഹാരാഷ്ട്ര നവനിർമാണ സേനയും ഉദ്ധവ് പക്ഷ ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പുതിയ സമര പ്രഖ്യാപനം.

Post a Comment

Thanks

Previous Post Next Post