തിരൂരങ്ങാടി നഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് ക്രമക്കേട്: നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് പപ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി


തിരൂരങ്ങാടി: നഗരസഭയിലെ ജനന രജിസ്ട്രേഷൻ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നൽകിയെന്ന ആരോപണം ഉൾപ്പെടെ നഗരസഭയുമായി ബന്ധപ്പെട്ട വിവിധ ക്രമക്കേടുകളിൽ തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത്, പിപി സുബൈർ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി നൽകി.

ജനന രജിസ്ട്രേഷൻ രേഖകളിൽ യഥാർത്ഥമായി രജിസ്റ്റർ ചെയ്ത വ്യക്തികളുടെ പേര്, മാതാപിതാക്കളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്തി അതേ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നൂറിലേറെ സർട്ടിഫിക്കറ്റുകളിൽ ക്രമക്കേട് നടന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ ഓഡിറ്റ് പരിശോധനയിൽ സൂചന ലഭിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

‘സേവന’ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്ന കാലയളവിൽ ഡിജിറ്റൽ രേഖകളിൽ മാത്രം മാറ്റം വരുത്തിയിട്ടുണ്ടോ, ഇതിന് ഉദ്യോഗസ്ഥരുടെയോ ഇടനിലക്കാരുടെയോ മറ്റ് വ്യക്തികളുടെയോ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതോടൊപ്പം നഗരസഭയിൽ അനുവദിക്കുന്ന ബിൽഡിംഗ് പെർമിറ്റുകളിലെ അഴിമതി, മലപ്പുറം ജോയിൻറ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ് വിജിലൻസിന് ഷോപ്പിംഗ് കോംപ്ലക്സുമായി ബന്ധപ്പെട്ട അഴിമതി നഗരസഭയിലെ വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്തതിലെ കാലതാമസം, രേഖകൾ ലഭ്യമാക്കുന്നതിലെ വീഴ്ചകൾ, വിവിധ ഭരണപരമായ പരാതികൾ എന്നിവയും വകുപ്പ് തല അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

നഗരസഭയിലെ തന്നെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നത് അന്വേഷണത്തിന്റെ സ്വതന്ത്രതയെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാലും സർക്കാറിന് മാനഹാനി ഉണ്ടാക്കിയ വിഷയമായതിനാൽ തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ട് സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനന രജിസ്റ്ററുകൾ, പഴയ അപേക്ഷകൾ, അനുബന്ധ രേഖകൾ, സർട്ടിഫിക്കറ്റ് ഇഷ്യൂ രേഖകൾ, ‘സേവന’ സോഫ്റ്റ്‌വെയറിലെ യൂസർ ലോഗുകൾ, തിരുത്തലുകളുടെ തീയതിയും സമയവും ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കണമെന്നും, ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ വകുപ്പുതലവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ജനന സർട്ടിഫിക്കറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെങ്കിൽ അതിന്റെ വ്യാപ്തിയും ഉത്തരവാദികളെയും കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും, നഗരസഭയിലെ ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ സമഗ്ര അന്വേഷണം അടിയന്തരമായി നടത്തണമെന്നും അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post