തിരൂരങ്ങാടി : തിരൂരങ്ങാടി എം കെ ഹാജി ഓർഫനേജ് ആശുപത്രിയിൽ
അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി സജ്ജമാക്കിയ കീമോതെറാപ്പി വാർഡിന്റെയും ഓങ്കോളജി (അർബുദ രോഗ ചികിത്സാ ) വിഭാഗത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10:30-ന് നടക്കും.
എം കെ ഹാജി ഓർഫനേജ് ആശുപത്രി പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ . പി എം എ സമീർ ഉദ്ഘാടനം നിർവഹിക്കും. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് കെ .പി . എ .മജീദ് എക്സ് എം.എൽ.എ.ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രമുഖ ഓങ്കോളജി വിദഗ്ധൻ ഡോക്ടർ മുഹമ്മദ് റിഫായിയുടെയും ഓങ്കോ സർജൻ ഡോക്ടർ ജംഷീർ വി. ടി.യുടെയും നേത്യത്വത്തിലാണ് പുതിയ ഓങ്കോളജി വിഭാഗം പ്രവർത്തിക്കുക. തിരൂരങ്ങാടി മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും അർബുദ രോഗികൾക്ക് കൂടുതൽ ആശ്വാസമേകുന്ന രീതിയിലാണ് പുതിയ ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതെന്നും വിദഗ്ധ ചികിത്സയും അത്യാധുനിക സൗകര്യങ്ങളും സ്വന്തം നാട്ടിൽത്തന്നെ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കീമോതെറാപ്പി വാർഡ് സജ്ജമാക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചടങ്ങിൽ ഓർഫനേജ് കമ്മറ്റി ജനറൽ സെക്രട്ടറി എം .കെ .ബാവ, നഗരസഭ ചെയർപേഴ്സൺസി .പി .ഹബീബ ബഷീർ, എം.അബ്ദുറഹ്മാൻ കുട്ടി, ഡോക്ടർ ഇ കെ അഹമ്മദ് കുട്ടി, സി എച് മഹ്മൂദ് ഹാജി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ആശുപത്രി ഭാരവാഹിളായ എം കെ ബാവ ജനറൽ സെക്രട്ടറി, ഡോക്ടർ പി. അബ്ദുസമദ് മെഡിക്കൽ സൂപ്രണ്ട്,സി വി അഹമ്മദ് നിയാസ് സി ഇ ഒ , ഡോക്ടർ മുഹമ്മദ് രിഫായി ഓങ്കോളജി വിഭാഗം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks