എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു


ന്യൂഡൽഹി | രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ നമ്പർ, ജനനത്തീയതി, ജെൻഡർ, ഇമെയിൽ വിലാസം, മേൽവിലാസം, വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബ്രാഞ്ച് വിവരങ്ങൾ എന്നിവ ചോർന്ന ഡേറ്റബേസിലുണ്ട്.


എന്നാൽ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്നും ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സുരക്ഷിതമായി നടക്കുന്നതായും ബാങ്ക് അറിയിച്ചു. ഉപയോക്താക്കളിൽ വളരെക്കുറച്ചു പേരെ മാത്രമേ ഇതു ബാധിച്ചിട്ടുള്ളൂ എന്നും ബാങ്കിന്റെ കോർ ഐടി ശൃംഖലയിൽ പ്രശ്നങ്ങളില്ലെന്നും എസ്ബിഐ വിശദീകരിക്കുന്നു. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഇന്നലെ വൈകുന്നേരമിറക്കിയ പ്രസ്താവനയിൽ പറയുന്നു. 3.75 ലക്ഷം റെക്കോർഡുകൾ പരിശോധിച്ചതിലാണ് 3,897 എസ്ബിഐ ഉപയോക്താക്കളുടെ വിവരങ്ങൾ കണ്ടെത്തിയത്.


എസ്ബിഐയുടെ ഇന്റലിജന്റ്സ് സേവനദാതാവായ ഡിഫൻസ് സൈബർ ഏജൻസിയും ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്–ഇൻ) ആണു വിവരച്ചോർച്ച ബാങ്കിനെ അറിയിച്ചത്. തുടർന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ബാങ്ക് ഈ വിവരം വെളിപ്പെടുത്തിയത്. സെർട്ട്-ഇൻ അംഗീകാരമുള്ള സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ അന്വേഷണത്തിനായി എസ്ബിഐ ചുമതലപ്പെടുത്തി. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇ


ഇന്ത്യൻ സ്ഥാപനങ്ങളുടെ കംപ്യൂട്ടർ ശൃംഖലകളിലേക്കും ഡേറ്റയിലേക്കും എഐ അധിഷ്ഠിതമായ ഓട്ടോണമസ് ഏജന്റുകൾ അനുമതിയില്ലാതെ പ്രവേശിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞയാഴ്ച സെർട്ട്-ഇൻ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കമ്പനികളുടെ ക്ലൗഡ് സംവിധാനങ്ങളിലും ആപ്ലിക്കേഷനുകളിലുമുള്ള സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് എഐ ഏജന്റുകൾ വിവരങ്ങൾ ചോർത്തുന്നത്.


ഇ മുദ്രയിൽ സുരക്ഷാ വീഴ്ച: വെബ്സൈറ്റുകൾ തടസ്സപ്പെടാം 

 ന്യൂഡൽഹി ∙ ഇന്ത്യൻ സൈബർ സെക്യൂരിറ്റി സ്ഥാപനമായ ‘ഇ–മുദ്ര’യുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ചയെത്തുടർന്നു സൈബർ മേഖലയിൽ ആശങ്ക പടരുന്നു. സുരക്ഷാവീഴ്ച കണ്ടെത്തിയതിനാൽ ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകൾ ഈ കമ്പനിയുമായി ബന്ധപ്പെട്ട 8 ‘സുരക്ഷാ കീ’ ബ്ലോക്ക് ചെയ്തു. അതിനാൽ, ഈ സർട്ടിഫിക്കറ്റിനെ ആശ്രയിക്കുന്ന ചില വെബ്സൈറ്റുകളിൽ, വരും ദിവസങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെടുകയോ പ്രവർത്തനം തടസ്സപ്പെടുകയോ ചെയ്യാം.


യഥാർഥ വെബ്സൈറ്റുകളെന്നു ബ്രൗസറുകൾ ഉറപ്പിക്കുന്നത് ‘ഡിജിറ്റൽ സർട്ടിഫിക്കറ്റ്’ എന്ന സംവിധാനം ഉപയോഗിച്ചാണ്. ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമാണ് ‘ഇ–മുദ്ര’. വെബ്സൈറ്റുകൾ യഥാർഥമാണോയെന്നറിയാൻ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയ ബ്രൗസറുകൾ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളാണു പരിശോധിക്കുന്നത്.ഡിജിറ്റൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പിഴവു മുതലെടുത്ത് തട്ടിപ്പുകാർക്ക് വ്യാജ വെബ്സൈറ്റുകൾ യഥാർഥമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഉപയോക്താക്കളിലേക്ക് എത്തിക്കാം. ഇതു തടയുന്നതിനാണു ബ്രൗസറുകൾ ഈ കമ്പനിയുമായി ബന്ധപ്പെട്ട സുരക്ഷാ കീ ബ്ലോക്ക് ചെയ്തത്. ഇവയുപയോഗിക്കുന്ന വെബ്സൈറ്റുകൾ സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവരും. സുരക്ഷാ വീഴ്ച മുതലെടുത്ത് തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഐടി മന്ത്രാലയം വിദഗ്ധസമിതിയെ അന്വേഷണത്തിനു നിയോഗിച്ചു.

Post a Comment

Thanks

أحدث أقدم