ഹരിതകർമ്മ സേനയുടെ മികവ്; 24.80 ലക്ഷം കിലോ അജൈവ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള;​ മലപ്പുറത്ത് വൻ മുന്നേറ്റം..!


വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ വൻ നേട്ടവുമായി മലപ്പുറം ജില്ല. 2026-27 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ക്ലീൻ കേരള കമ്പനി മുഖേന 24.80 ലക്ഷം കിലോ അജൈവ മാലിന്യങ്ങളാണ് ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറിയത്.


നിഷ്‌ക്രിയ അജൈവ മാലിന്യം, പുനരുപയോഗ മാലിന്യം, സ്‌ക്രാപ്പ്, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യം എന്നിവയാണ് പ്രധാനമായും ശേഖരിച്ചത്. ഇതിൽ 24.07 ലക്ഷം കിലോ നിഷ്‌ക്രിയ അജൈവ മാലിന്യമാണ് നീക്കം ചെയ്തത്. കൂടാതെ 29,637 കിലോ പുനരുപയോഗ മാലിന്യവും 31,555 കിലോ സ്‌ക്രാപ്പും 11,110 കിലോ ഗ്ലാസ് മാലിന്യവും 426 കിലോ ഇലക്ട്രോണിക് മാലിന്യവും ശേഖരിച്ചു.


ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ എം.സി.എഫുകളിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) എത്തിച്ച് തരംതിരിച്ച ശേഷമാണ് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾക്ക് വില ലഭിക്കുന്നതിനൊപ്പം ഉപയോഗശൂന്യമായവ സുരക്ഷിതമായി സംസ്‌കരിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.


ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി വഴി 2024-25, 2025-26 വർഷങ്ങളിലായി 15.79 ലക്ഷം രൂപയും നടപ്പു സാമ്പത്തിക വർഷത്തിൽ ഇതുവരെ 4.41 ലക്ഷം രൂപയും സേനാംഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. 2022 ഏപ്രിൽ മുതൽ 2025 ഒക്ടോബർ വരെ 12,962 ടണ്ണിലധികം മാലിന്യമാണ് ജില്ലയിൽ നിന്ന് ഇത്തരത്തിൽ ശാസ്ത്രീയമായി നീക്കം ചെയ്തത്.

Post a Comment

Thanks

Previous Post Next Post