അബൂദബി: കൊലപാതകക്കേസുകളിൽ ഇരയുടെ അനന്തരാവകാശികൾ പ്രതിക്ക് മാപ്പ് നൽകിയാലും കുറഞ്ഞത് 15 വർഷം തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ യുഎഇ നിയമത്തിൽ ഭേദഗതി വരുത്തി. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ വ്യാഴാഴ്ച പ്രഖ്യാപിച്ച ഭേദഗതി പ്രകാരം, നേരത്തെ ഏഴ് വർഷമായിരുന്ന കുറഞ്ഞ തടവുശിക്ഷയാണ് 15 വർഷമായി ഉയർത്തിയത്. പരമാവധി തടവുശിക്ഷ 15 വർഷത്തിൽനിന്ന് 20 വർഷമായും വർധിപ്പിച്ചിട്ടുണ്ട്.
നിയമത്തിലെ ആർട്ടിക്കിൾ 384(3) പ്രകാരം, വിചാരണയുടെ ഏത് ഘട്ടത്തിലായാലും ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പോ ഇരയുടെ അനന്തരാവകാശികൾ പ്രതിക്ക് മാപ്പ് നൽകി ഖിസാസ് (പ്രതിക്ക് വധശിക്ഷ നൽകുന്ന നടപടി) ഒഴിവാക്കിയാലും പുതിയ ശിക്ഷാനിയമം ബാധകമായിരിക്കും. കുടുംബം നിയമപരമായ നടപടികളിലൂടെ മാപ്പ് നൽകിയാൽ ഇസ്‌ലാമിക നിയമപ്രകാരമുള്ള വധശിക്ഷ ഒഴിവാക്കാൻ കഴിയുമെങ്കിലും കുറ്റകൃത്യത്തിന്റെ പേരിലുള്ള ക്രിമിനൽ ഉത്തരവാദിത്തം പൂർണമായി ഇല്ലാതാകില്ല. അതിനാൽ കുടുംബം മാപ്പ് നൽകിയതുകൊണ്ട് മാത്രം കേസ് പൂർണമായി അവസാനിക്കില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മനുഷ്യജീവൻ സംരക്ഷിക്കുന്നതിനും കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തടയുന്നതിനുമാണ് ശിക്ഷാനടപടികൾ കൂടുതൽ കർശനമാക്കിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച് 15 മുതൽ 20 വർഷം വരെ തടവുശിക്ഷ വിധിക്കാൻ കോടതികൾക്ക് കഴിയും. കൊലപാതകത്തോടൊപ്പം വധശിക്ഷ ലഭിക്കാവുന്ന മറ്റ് പ്രത്യേക കുറ്റകൃത്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഇരയുടെ കുടുംബം മാപ്പ് നൽകിയതുകൊണ്ട് മാത്രം വധശിക്ഷയിൽനിന്ന് പൂർണമായി ഒഴിവാകാൻ കഴിയില്ലെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks