തിരൂരങ്ങാടി മണ്ഡലത്തിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണം: മാപ്സ്

 


പരപ്പനങ്ങാടി: സുരക്ഷിതവും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിനായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, തിരൂരങ്ങാടി മണ്ഡലം എംഎൽഎ പി.എം.എ. ഷമീറിന് നിവേദനം നൽകി.

തിരൂരങ്ങാടി മണ്ഡലത്തിൽ സർക്കാർ തലത്തിലുള്ള ഡ്രൈവിംഗ് പരിശീലന സംവിധാനം ആരംഭിക്കുന്നതിനായി മുൻ എംഎൽഎ മജീദ് സാഹിബിന്റെ നേതൃത്വത്തിൽ നേരത്തെ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പദ്ധതി പാതിവഴിയിൽ നിലച്ചതായി മാപ്സ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ പ്രസ്തുത ആവശ്യം പുനഃപരിശോധിച്ച് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

എടപ്പാളിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്ന മാതൃകയിൽ തിരൂരങ്ങാടി മണ്ഡലത്തിലും സംവിധാനം ഒരുക്കുന്നത് പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലനം ലഭ്യമാക്കാൻ സഹായിക്കുമെന്ന് മാപ്സ് അഭിപ്രായപ്പെട്ടു.

റോഡ് നിയമങ്ങൾ, സുരക്ഷിത ഡ്രൈവിംഗ് രീതികൾ, പ്രതിരോധാത്മക ഡ്രൈവിംഗ്, അടിയന്തര സാഹചര്യങ്ങളിൽ വാഹന നിയന്ത്രണം തുടങ്ങിയ മേഖലകളിൽ നിലവാരമുള്ള പരിശീലനം നൽകുന്നത് റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മണ്ഡലത്തിലെ വർധിച്ചുവരുന്ന വാഹന ഗതാഗതവും റോഡ് സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച്  കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ അനുവദിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് അടിയന്തരമായി സ്വീകരിക്കണമെന്നും മാപ്സ് ആവശ്യപ്പെട്ടു.


ഫോട്ടോ :- തിരൂരങ്ങാടി മണ്ഡലം എംഎൽഎ പി എം എ ഷമീറിന്ന് മാപ്സ് സെക്രട്ടറി അബ്ദുൽ റഹീം മൂക്കത്ത് നിവേദനം നൽകുന്നു

Post a Comment

Thanks

أحدث أقدم