പരപ്പനങ്ങാടി നഗരസഭയിലും സംസ്ഥാനത്തെ വിവിധ മേഖലകളിലും തുടർച്ചയായ വൈദ്യുതി തടസ്സം; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം
പരപ്പനങ്ങാടി: കേരളത്തിലെ വിവിധ പ്രദേശങ്ങളിലും പ്രത്യേകിച്ച് പരപ്പനങ്ങാടി നഗരസഭാ പരിധിയിലും രാത്രികാലങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ നസറുദ്ദീൻ തങ്ങൾ കൊട്ടന്തല വൈദ്യുതി മന്ത്രിക്കും ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇ-മെയിൽ മുഖേന നിവേദനം നൽകി.
രാത്രികാലങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് സാധാരണ ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വയോജനങ്ങൾക്കും, രോഗികൾക്കും, വ്യാപാരികൾക്കും ഉൾപ്പെടെ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കൾ പരാതികൾ അറിയിച്ചിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാത്ത സാഹചര്യമാണ് പല പ്രദേശങ്ങളിലും നിലനിൽക്കുന്നതെന്നും, വൈദ്യുതി വിതരണ സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ, ഓവർലോഡ്, കാലപ്പഴക്കം ചെന്ന വൈദ്യുതി ലൈനുകളും മറ്റ് അനുബന്ധ പ്രശ്നങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാല വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യം പ്രത്യേകമായി പരിശോധിച്ച്, പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനായി ബഹു. വൈദ്യുതി മന്ത്രി, ബന്ധപ്പെട്ട എം.എൽ.എ, കെ.എസ്.ഇ.ബി ചെയർമാൻ, കെ.എസ്.ഇ.ബി.യിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് ഇ-മെയിൽ മുഖേന നിവേദനം നൽകിയതായി നസറുദ്ദീൻ തങ്ങൾ കൊട്ടന്തല അറിയിച്ചു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം തുടർച്ചയായ വൈദ്യുതി മുടക്കങ്ങൾക്ക് അടിയന്തര പരിഹാരം കാണുകയും, ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment
Thanks