തിരുവനന്തപുരം:സംസ്ഥാനത്ത് നിർമ്മാണം അതിവേഗം പൂർത്തിയായിവരുന്ന ആറുവരി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തില്‍ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്.പുതിയ ഉത്തരവ് പ്രകാരം കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകള്‍ക്ക് മാത്രമാണ് ആറുവരി പ്രധാന പാതയിലൂടെ നേരിട്ട് സഞ്ചരിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ബസുകളും കെഎസ്ആർടിസിയുടെ ഓർഡിനറി ഉള്‍പ്പെടെയുള്ള മറ്റ് ലോക്കല്‍ സർവീസുകളും സർവീസ് റോഡുകള്‍ വഴി മാത്രമേ സർവീസ് നടത്താവൂ.ഹൈവേയിലെ സുഗമമായ ഗതാഗതവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്താനാണ് ഈ സുപ്രധാന തീരുമാനം.ഹൈവേകളിലെ അതിവേഗത നിലനിർത്തുന്നതിനും ലോക്കല്‍ യാത്രക്കാരുമായി പോകുന്ന ബസുകള്‍ റോഡില്‍ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ക്രമീകരണം ഏർപ്പെടുത്തിയത്.
ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ്,എക്സ്പ്രസ്,മിന്നല്‍,ഡീലക്സ് തുടങ്ങിയ സർവീസുകള്‍ക്ക് ആറുവരിപ്പാത പൂർണ്ണമായും ഉപയോഗിക്കാം.നിർദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സാധാരണ റൂട്ട് ബസുകള്‍ ആറുവരിപ്പാതയിലേക്ക് കയറിയാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം കർശന മുന്നറിയിപ്പ് നല്‍കി.നിയമം ലംഘിച്ച് ഹൈവേയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് ഉടനടി റദ്ദാക്കും.നിയമലംഘനം നടത്തുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകള്‍ സസ്‌പെൻഡ് ചെയ്യും.ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനങ്ങള്‍ നിർത്തിയിടാൻ അനുമതിയില്ലെന്നും ഹൈവേയില്‍ ഒരിടത്തും ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ലെന്നും അധികൃതർ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആറുവരി ദേശീയപാതയില്‍ സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് മോട്ടോർ വാഹന വകുപ്പ് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീർഘദൂര സർവീസുകള്‍ക്ക് ഇളവ് നല്‍കി നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.സാധാരണ സ്റ്റേജ് ക്യാരേജ് ബസുകള്‍ ആറുവരിപ്പാതയിലൂടെ പായുകയും പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെ സർവീസ് റോഡിലിറക്കാതെ ഹൈവേയുടെ നടുവിലിറക്കി വിടുകയും ചെയ്യുന്നത് പതിവായിരുന്നു.
ഇത്തരത്തില്‍ ഇറക്കി വിടുമ്പോള്‍ ഹൈവേയില്‍ നിന്ന് പുറത്തുകടക്കാൻ ആളുകള്‍ കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടക്കേണ്ടി വരുന്നതായി കാട്ടി വ്യാപക പരാതികളാണ് ഉയർന്നത്.സർവീസ് റോഡ് പൂർണ്ണമായി ഒഴിവാക്കി പ്രധാന ഹൈവേയിലൂടെ മാത്രം ബസുകള്‍ ചീറിപ്പായുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിച്ചിരുന്നു.കൂടാതെ ആറുവരിപ്പാതയില്‍ ആളുകളെ കയറ്റാനും ഇറക്കാനുമായി പെട്ടെന്ന് സഡൻ ബ്രേക്കിട്ട് നിർത്തുന്നതും റിവേഴ്‌സ് എടുക്കുന്നതും വൻ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതും ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.
Post a Comment
Thanks