വീടുപണി പൂർത്തിയായി ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും താമസിക്കാൻ വൈകുന്നവർക്കും, വാടകയ്ക്ക് ആളെയെത്താത്തതിനാൽ പൂട്ടിയിടേണ്ടി വരുന്ന പുതിയ കടമുറികൾക്കും കെട്ടിട നികുതിയിൽ വലിയ ഇളവ് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു.
നിർമാണം പൂർത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒക്യുപൻസി ലഭിക്കുന്നതോടെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭ്യമാകുമെങ്കിലും, അന്നുമുതൽ തന്നെ നികുതി അടയ്ക്കണമെന്നതായിരുന്നു നിലവിലെ നിയമം.
എന്നാൽ കെട്ടിടം ഒഴിഞ്ഞുകിടക്കുന്ന കാലയളവിലെ നികുതിക്ക് 'വേക്കൻസി റെമിഷൻ' വഴി ഇളവ് നൽകാനാണ് പുതിയ നിർദേശം.
മുൻപ് ഒക്യുപൻസി ലഭിച്ച് മാസങ്ങൾ കഴിഞ്ഞാണ് പല തദ്ദേശ സ്ഥാപനങ്ങളും ഡിമാൻഡ് നോട്ടീസ് അയച്ചിരുന്നത്. തുടർന്ന് ഇളവിനായി അപേക്ഷിക്കുമ്പോൾ അപേക്ഷിക്കാൻ കാലതാമസം നേരിട്ടു എന്ന് കാട്ടി അധികൃതർ നിരസിക്കാറായിരുന്നു പതിവ്. പുതിയ ഉത്തരവനുസരിച്ച്, ഒക്യുപൻസി തീയതി മുതൽ ഡിമാൻഡ് നോട്ടീസ് ലഭിക്കുന്നത് വരെയുള്ള സമയം അപേക്ഷയിലെ കാലതാമസമായി കണക്കാക്കില്ല.
ഉദാഹരണത്തിന്, ജനുവരിയിൽ ഒക്യുപൻസി ലഭിച്ച വീട് സെപ്റ്റംബർ വരെ ഒഴിഞ്ഞു കിടക്കുകയും, പിന്നീട് നോട്ടീസ് കിട്ടിയ ശേഷം ഇളവിന് അപേക്ഷിക്കുകയും ചെയ്താലും ജനുവരി മുതലുള്ള മാസങ്ങളിലെ നികുതി ഇളവ് ലഭിക്കും.
വിദേശത്തുള്ള പ്രവാസികൾക്കും വീടിന്റെ ഫിനിഷിങ് ജോലികൾ വൈകുന്നവർക്കും വ്യാപാരികൾക്കും തദ്ദേശ വകുപ്പിന്റെ ഈ തീരുമാനം ഏറെ ഉപകാരപ്പെടും.
إرسال تعليق
Thanks