പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരപരിധിയിൽ നഹാസ് ആശുപത്രി വരെയുള്ള വിവിധ ഭാഗങ്ങളിലെ മങ്ങിയതും കാലപ്പഴക്കം മൂലം ദൃശ്യപരത നഷ്ടപ്പെട്ടതുമായ സീബ്രാലൈനുകൾ പൊതുമരാമത്ത് വകുപ്പ് പുനർവരച്ചു. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയുടെയും തുടർനടപടികൾ ആവശ്യപ്പെട്ടുള്ള നിരന്തര ഫോളോഅപ്പുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
ബിഎം സ്കൂളിലേക്കുള്ള റോഡ്, പയനിങ്ങൽ ജംഗ്ഷൻ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ സീബ്രാലൈനുകൾ ഏറെക്കാലമായി മാഞ്ഞുപോയ നിലയിലായിരുന്നു. ഇതുമൂലം റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയും നേരിടുന്നതായി MAPS ചൂണ്ടിക്കാട്ടിയിരുന്നു.
അപകടസാധ്യത കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും സീബ്രാലൈനുകൾ അടിയന്തരമായി പുനർവരയ്ക്കണമെന്ന് ആവശ്യപ്പെട്ട് MAPS പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിരവധി പരാതികൾ നൽകിയിരുന്നു.
MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതികളും തുടർനടപടികളും. വിവിധ സംഘടനകളും ഇതേ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർച്ചയായ പരാതികളുടെയും ഫോളോഅപ്പ് നടപടികളുടെയും ഫലമായി സീബ്രാലൈനുകൾ പുനർവരച്ചത് കാൽനടയാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണെന്ന് MAPS ഭാരവാഹികൾ അറിയിച്ചു. റോഡിലെ മറ്റ് മങ്ങിയ ട്രാഫിക് മാർക്കിംഗുകളും പരിശോധിച്ച് ആവശ്യമായ ഇടങ്ങളിൽ പുനർവരയ്ക്കണമെന്നും അബ്ദുൽ റഹീം പൂക്കത്ത് അസിസ്റ്റൻറ് എൻജിനീയറുടെ ചാർജുള്ള വിമൽ രാജനോട് ആവശ്യപ്പെട്ടു.
ഫോട്ടോ : പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ മാറ്റിവരക്കപ്പെട്ട സീബ്ര ലൈൻ

Post a Comment
Thanks