കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചു വയസ്സുകാരന് അപസ്മാരം; സമയോചിതമായി ഇടപെട്ട് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ


താനൂർ: കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായി യാത്രക്കാരനായ അഞ്ചു വയസ്സുകാരന് പെട്ടെന്ന് ഫിക്സ് (Fit/Seizure) വന്ന് ആരോഗ്യനില വഷളായത്. പരിഭ്രാന്തരായ മാതാപിതാക്കളുടെയും യാത്രക്കാരുടെയും നിലവിളി ഉയർന്ന സമയത്ത് ഒരു നിമിഷം പോലും കളയാതെ ബസ്സ് ഡ്രൈവറും, കണ്ടക്ടറും, കൂടെ യാത്രക്കാരും, സമയോചിതമായി ഇടപെടുകയായിരുന്നു.


ബസ് സ്റ്റോപ്പുകളിൽ നിർത്താതെയും ട്രാഫിക് തടസ്സങ്ങൾ മറികടന്നും ഉടൻതന്നെ തൊട്ടടുത്തുള്ള താനൂർ മൂലക്കലിലെ സ്വകാര്യശുപത്രിയിലേക്ക് ബസ്സ് എത്തിക്കുകയും കുട്ടിക്ക് അടിയന്തര പ്രഥമശുശ്രൂഷ ലഭ്യമാക്കുകയും ചെയ്തു. കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിക്ക് ഇർഫാനാ ദമ്പതികളുടെ മകൻ ഇഹ്സാന്റെ ജീവനാണ് ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത്. നിലവിൽ കുട്ടി അപകടനില തരണം ചെയ്തതായിട്ടാണ് അറിയുന്നത്. 


നിർണ്ണായക നിമിഷത്തിൽ ബസ് ജീവനക്കാർ കാണിച്ച ചടുലമായ തീരുമാനവും കരുതലുമാണ് ഒരു കൊച്ചുജീവനെ അപകടനില തരണം ചെയ്യാൻ സഹായിച്ചത്. സമയോചിതമായി പ്രവർത്തിച്ച് മാതൃകയായ കെഎസ്ആർടിസി ഡ്രൈവർ വിഷ്ണുവിനും, കണ്ടക്ടർ സുരേഷ് കുമാറിനും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

Post a Comment

Thanks

أحدث أقدم