ജിദ്ദ - സൗദിയിൽ പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിൽ നിന്ന് വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുമതി. പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, സ്ഥാപനങ്ങളുടെ പേരിൽ നിന്ന് തങ്ങളുടെ പേരിലേക്ക് പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തികളെ അനുവദിക്കാൻ തുടങ്ങിയതായി ഉക്കാദ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യാനായി സ്ഥാപനങ്ങളുടെ പേരിൽ നിന്ന് വ്യക്തികളുടെ പേരിലേക്ക് പ്രവാസികളുടെ സ്പോൺസർഷിപ്പ് മാറ്റം ക്രമീകരിക്കാനാണ് പുതിയ ചുവടുവെപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഇങ്ങിനെ സ്പോൺസർഷിപ്പ് മാറ്റുന്നതിന് പ്രവാസിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണമെന്നും തൊഴിലാളിയുടെ പ്രൊഫഷൻ 100 ശതമാനം സൗദിവൽക്കരിക്കപ്പെട്ട തൊഴിലുകളോ വിദ്യാഭ്യാസ, സാങ്കേതിക, ആരോഗ്യ, സ്പെഷ്യലിസ്റ്റ് തൊഴിലുകൾ ഉൾപ്പെടുന്ന ഉയർന്ന തലത്തിലുള്ള പ്രൊഫഷനുകളോ ആയിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. സ്പോൺസർഷിപ്പ് മാറ്റുന്നത് ഗാർഹിക തൊഴിലുകളുടെ കൂട്ടത്തിൽ പെട്ട ഏതെങ്കിലും പ്രൊഫഷനിലേക്ക് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
അപേക്ഷ പൂർത്തീകരിക്കാൻ മുൻ തൊഴിലുടമയിൽ നിന്നുള്ള, ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് റിലീസ് ലെറ്റർ, പുതിയ തൊഴിലുടമയുടെ ശമ്പള സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ സാമ്പത്തിക ശേഷി തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, പ്രവാസിയുടെ വിരലടയാളവും ഒപ്പും
ഉൾക്കൊള്ളുന്ന ഇഖാമയുടെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷയിൽ പുതിയ തൊഴിലുടമക്ക് ആവശ്യമുള്ള ഗാർഹിക പ്രൊഫഷനും പേരുവിവരങ്ങളും ദേശീയ ഐ.ഡി നമ്പറും അടക്കം പുതിയ തൊഴിലുടമയുടെ വിശദാംശങ്ങളും വ്യക്തമാക്കണം.
പി.ഡി.എഫ്, ജെപെഗ്, പി.എൻ.ജി, എക്സ്.എൽ.എസ്.എക്സ്.ജി, ഡോക്സ്എക്സ്ജി ഫോർമാറ്റുകളിൽ ഇലക്ട്രോണിക് രീതിയിൽ രേഖകൾ അപ്ലോഡ് ചെയ്യണമെന്നും ഓരോ ഫയൽ വലുപ്പവും 3 എം.ബിയിൽ കവിയരുതെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വികലാംഗരും വിട്ടുമാറാത്തതോ ഗുരുതരമായതോ ആയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ വ്യക്തികൾ ഉൾപ്പെടെയുള്ള മാനുഷിക കേസുകളിൽ ഒഴികെ, സൗദി പൗരന് നാല് ഗാർഹിക തൊഴിലാളികളും പ്രവാസിക്ക് രണ്ട് പേരും എന്ന പരിധി കവിയുന്ന ഓരോ അധിക ഗാർഹിക തൊഴിലാളിക്കും പ്രതിവർഷം 9,600 റിയാൽ തോതിൽ ലെവി നൽകേണ്ടിവരും.
إرسال تعليق
Thanks