കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോക്സോകേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദിനെയാണ് (29) നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്.
അശോകപുരത്തുള്ള ഹോട്ടൽ ജീവനക്കാരനായിരുന്നു പ്രതി. ഹോട്ടലിൽ സ്ഥിരമായി എത്തിയ പെൺകുട്ടിയെ സ്നേഹം നടിച്ച് പ്രതിയുടെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി പെൺകുട്ടിക്ക് അരയിടത്തുപാലത്ത് താമസ സൗകര്യം ഏർപ്പാടാക്കി. പിന്നീട് രാത്രിയിൽ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുന്നത് പതിവാക്കിയതായി പോലീസ് പറഞ്ഞു. നാല് മാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടു. പരിശോധനക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞു. പ്രായം കുറവായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിന് റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നത് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കഴിഞ്ഞ ദിവസം നടക്കാവ് സ്റ്റേഷനിലേക്ക് കൈമാറി.
തുടർന്ന് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്.ഐ. എൻ. ലീല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഞായറാഴ്ച പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയത്.
ചോദ്യം ചെയ്തതിൽ പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post a Comment
Thanks