കോഴിക്കോട്: പോലീസ് സ്റ്റേഷനുകളിലെ വിശ്രമമുറികളിൽ നിന്ന് കട്ടിലുകൾ ഉൾപ്പെടെയുള്ള വിശ്രമസൗകര്യങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തര മേഖല ഐ.ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശം അതീവ ഗുരുതരവും പോലീസുകാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ദേശീയ സമിതിയംഗം മനാഫ് താനൂർ പറഞ്ഞു. വേൾഡ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെയും യു.എൻ ഗ്ലോബൽ കോംബാക്ടിന്റെയും അംഗീകാരമുള്ള ദേശീയ മനുഷ്യാവകാശ സംഘടനയാണ് എൻ.എഫ്.പി ആർ . വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി രാവും പകലും ഭേദമില്ലാതെ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിശ്രമസൗകര്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും പോലീസ് വകുപ്പിന്റെയും നിയമപരവും ധാർമ്മികവുമായ ബാധ്യതയാണെന്നും മനാഫ് താനൂർ ചൂണ്ടിക്കാട്ടി. എട്ട് മണിക്കൂർ ഡ്യൂട്ടിയെന്ന കൃത്യമായ സമയക്രമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നവരാണ് പോലീസുകാർ. അവർക്ക് വിശ്രമിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുന്നത് മനുഷ്യാവകാശങ്ങൾക്കും തൊഴിൽക്ഷേമ തത്വങ്ങൾക്കും വിരുദ്ധമാണ്.
ഇത്തരം നടപടികൾ പോലീസ് സേനയുടെ പ്രവർത്തനക്ഷമതയെ ദുർബലപ്പെടുത്തും. ഉദ്യോഗസ്ഥരിൽ മാനസികവും ശാരീരികവുമായ സമ്മർദ്ദം വർദ്ധിക്കുന്നത് ഒടുവിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന പോലീസ് സേവനത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും
കാര്യക്ഷമമായ പോലീസ് സേവനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ക്ഷേമവും ആരോഗ്യവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും പോലീസ് സ്റ്റേഷനുകളിലെ വിശ്രമസൗകര്യങ്ങൾ കുറയ്ക്കുന്നതിന് പകരം അവ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഉത്തര മേഖല ഐ.ജിയുടെ നിർദ്ദേശങ്ങളുടെ നിയമസാധുത പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം സംരക്ഷിക്കുന്നത് അവരുടെ അവകാശം മാത്രമല്ല, ജനങ്ങൾക്ക് സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധന കൂടിയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് വിശദമായ പരാതി സമർപ്പിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
إرسال تعليق
Thanks