എം.പി. ഫണ്ട് വിനിയോഗം: മലപ്പുറത്ത് നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം


മലപ്പുറം:ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട്  വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും മലപ്പുറം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലും കര്‍ശന നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.


2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലായി ആകെ 219 പ്രവൃത്തികളാണ് (പ്രതീക്ഷിക്കുന്ന ചിലവ്: 1,151.60 ലക്ഷം) ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതില്‍ 136 പ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി ഭരണാനുമതി (766.09 ലക്ഷം) ലഭിച്ചു. എന്നാല്‍ ഇതില്‍ ഒന്‍പതു പദ്ധതികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ബാക്കി 127 പ്രവൃത്തികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതി മേഖലകളുടെ വികസനത്തിനായി ശുപാര്‍ശ ചെയ്ത 55 പ്രവൃത്തികളില്‍ 13 എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇതില്‍ മൂന്നു പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയായത്.


എം.പി. ഫണ്ടില്‍ നിന്ന് ലഭ്യമായ 1639 ലക്ഷം രൂപയില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും, സാങ്കേതിക തടസ്സങ്ങള്‍ നീക്കി ബാക്കി പ്രവൃത്തികള്‍ക്ക് വേഗത്തില്‍ അനുമതി ലഭ്യമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. ആകെ ശുപാര്‍ശ ചെയ്ത 219 പ്രവൃത്തികളില്‍ 127 എണ്ണം നിലവില്‍ പുരോഗമിക്കുകയാണ്. പട്ടികജാതി മേഖലകളിലെ വികസന പ്രവൃത്തികള്‍ അടക്കം വികസന ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.  ഇ-സാക്ഷി  പോര്‍ട്ടല്‍ വഴി കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്നും, നിലവില്‍ പുരോഗമിക്കുന്ന 127 പ്രവൃത്തികളും യാതൊരു കാരണവശാലും വൈകിക്കാതെ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.


ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു, ഫിനാന്‍സ് ഓഫീസര്‍ ഇ. പ്രസീത എന്നിവരും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍, പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാന്‍ കര്‍ശനമായ സമയപരിധി നിശ്ചയിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post