യു എ ഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുത്തനെ കൂട്ടി


ദുബായ്: യു എ ഇയിലെ ഇന്ത്യന്‍ എംബസ്സിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും പാസ്‌പോര്‍ട്ട്, അനുബന്ധ സേവനങ്ങള്‍ എന്നിവക്കായുള്ള പുതുക്കിയ നിരക്കുകളില്‍ വന്‍ വര്‍ധന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജൂണ്‍ 20ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണ് പാസ്‌പോര്‍ട്ട് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. യു എ ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളെ ഈ നിരക്ക് വര്‍ധന ബാധിക്കും. 2012 ലാണ് ഇതിന് മുമ്പ് പാസ്‌പോര്‍ട്ട് നിരക്കുകള്‍ പരിഷ്‌കരിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.


മുതിര്‍ന്നവര്‍ക്കുള്ള സാധാരണ പാസ്‌പോര്‍ട്ട് (36 പേജ്) നിരക്ക് 285 ദിര്‍ഹത്തില്‍ നിന്ന് 450 ദിര്‍ഹമായി വര്‍ധിക്കും. 60 പേജ് പാസ്‌പോര്‍ട്ടിന് 630 ദിര്‍ഹം ചെലവ് വരും. നേരത്തെ ഇത് 380 ദിര്‍ഹമായിരുന്നു. ഇവക്ക് തത്കാല്‍ പാസ്‌പോര്‍ട്ട് നിരക്ക് 900 ദിര്‍ഹവും 1,080 ദിര്‍ഹവുമായും ഉയരും. നേരത്തെ ഇത് യഥാക്രമം 855, 950 ദിര്‍ഹമായിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ വരികയോ ചെയ്തവര്‍ക്ക് മാറ്റി ലഭിക്കാന്‍ സാധാരണ രീതിയില്‍ 36 പേജിന് 900 ദിര്‍ഹവും 60 പേജിന് 1,080 ദിര്‍ഹവും ഈടാക്കും. തത്കാല്‍ ആണെങ്കില്‍ ഇത് യഥാക്രമം 1,350 ദിര്‍ഹവും 1,530 ദിര്‍ഹവുമായി ഉയരും.


പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള (18 വയസ്സിന് താഴെ) നിരക്കുകളില്‍ ഇളവുണ്ട്. കുട്ടികള്‍ക്കുള്ള സാധാരണ പാസ്‌പോര്‍ട്ടിന് 325 ദിര്‍ഹവും തത്കാലിന് 775 ദിര്‍ഹവുമാണ് പുതിയ നിരക്ക്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ പത്ത് ശതമാനം കിഴിവ് ലഭിക്കും (സാധാരണ നിരക്ക് 295 ദിര്‍ഹം, തത്കാല്‍ 700 ദിര്‍ഹം). ഇത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ബാധകമല്ല. കൂടാതെ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ക്ക് 145 ദിര്‍ഹം വീതം ഈടാക്കും. പ്രഖ്യാപിച്ച അടിസ്ഥാന നിരക്കുകള്‍ക്ക് പുറമെ അപേക്ഷാ കേന്ദ്രത്തിന്റെ സര്‍വീസ് ചാര്‍ജും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിഹിതമായ 8.05 ദിര്‍ഹവും അധികമായി നല്‍കേണ്ടി വരും.


എംബസ്സി, കോണ്‍സുലേറ്റ് ഓഫീസുകളിലും പുതിയ ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കള്‍ക്ക് കീഴില്‍ വരാനിരിക്കുന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും ഈ നിരക്കുകള്‍ ബാധകമായിരിക്കും. ഇന്ന് (ജൂലൈ ഒന്ന്) മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

Post a Comment

Thanks

أحدث أقدم