പരപ്പനങ്ങാടി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി (LPG) പാചകവാതക സിലിണ്ടറുകളുടെ റീഫില്ലിംഗ് ബുക്കിംഗിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏകീകൃത സമയം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
നിലവിൽ പാചകവാതക ബുക്കിംഗിനായി നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും എന്ന രീതിയിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറുകൾ അനുവദിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളോട് കാണിക്കുന്ന വലിയ വിവേചനവും അവകാശ ലംഘനവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഗ്രാമീണ മേഖലകളിലും വിറകടുപ്പുകളുടെ ഉപയോഗം വളരെ കുറവാണ്. പുതിയ വീടുകളിൽ പോലും പുകയടുപ്പ് ഒഴിവാക്കി സമ്പ്രദായം നടക്കുന്നില്ല. മിക്കവരും പാചകത്തിനായി പൂർണ്ണമായും എൽ.പി.ജിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ 45 ദിവസത്തിലൊരിക്കൽ മാത്രം സിലിണ്ടർ അനുവദിക്കുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിലിണ്ടറിലെ ഗ്യാസ് തീർന്നുപോയാൽ ആഴ്ചകളോളം മറ്റു വഴികളില്ലാതെ ജനങ്ങൾ വലയുകയാണെന്നും നിവേദനത്തിൽ പറഞ്ഞു.
ഒരേ തുകയും ഒരേ നികുതിയും നൽകി സേവനം കൈപ്പറ്റുന്ന പൗരന്മാർക്ക് താമസസ്ഥലത്തിന്റെ പേരിൽ സേവന ലഭ്യതയിൽ തടസ്സം സൃഷ്ടിക്കുന്നത് നീതിയുക്തമല്ല. കേന്ദ്ര എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി എന്നിവരുമായി സംസാരിച്ച് സംസ്ഥാനത്തുടനീളം ഗ്യാസ് റീഫില്ലിംഗിന് ഏകീകൃത സമയപരിധി നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എൻ.എഫ്.പി.ആർ ആവശ്യപ്പെട്ടു.
ആവശ്യം ന്യായമാണെന്നും ഗ്യാസ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇത് സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദ്ദേശവും നൽകി.

Post a Comment
Thanks