കോഴിക്കോട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി: മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം


കോഴിക്കോട് |  പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. പാളയം സ്വദേശി പുതിയ കോവിലകം പറമ്പ് ബിജു ആണ് മരിച്ചത്. ബിജുവിന്റെ മൃതദേഹം ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് സംശയിക്കുന്നതായി മാതാവ്  പറഞ്ഞു. പ്രദേശത്ത് മയക്കുമരുന്ന് മാഫിയയുടെ ശല്യം ഉണ്ടെന്ന് കുടുംബം പറയുന്നു.


ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിനോട് ചേർന്നുള്ള മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം സംഭവം കണ്ടത്. തല പൊട്ടി ചോര വാർന്നിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം പോയതായിരുന്നു. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു.


​സംഭവമറിഞ്ഞ് കോഴിക്കോട് കസബ പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ബിജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ചുമാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post