ന്യൂഡൽഹി | യുജിസി നെറ്റ് ഇംഗ്ലിഷ് പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024 ലെ അതേ ചോദ്യങ്ങൾ, ചിന്തകരുടെ പോലും പേരുകൾ തെറ്റിച്ചും വാക്കുകൾ മറിച്ചെഴുതിയും പിഴവിന്റെ കൂമ്പാരമായി സോഷ്യോളജി ചോദ്യക്കടലാസ്, സൈക്കോളജി ചോദ്യങ്ങൾ പലതും സിലബസിൽ കേട്ടുകേൾവി പോലും ഇല്ലാത്തത്. ചോദ്യങ്ങളുടെ ഹിന്ദി പരിഭാഷയാകട്ടെ, എഐ ഉപയോഗിച്ച് വികലമായി മൊഴിമാറ്റം ചെയ്ത രീതിയിലും!
നീറ്റ്–യുജി ചോദ്യച്ചോർച്ച വിവാദം അടങ്ങുന്നതിനു മുൻപേ ദേശീയ പരീക്ഷാ ഏജൻസിയെ (എൻടിഎ) പ്രതിരോധത്തിലാക്കുകയാണു നെറ്റ് പരീക്ഷയിലെ പുതിയ വിവാദം.
മുൻവർഷങ്ങളിലെ ചില ചോദ്യങ്ങൾ ആവർത്തിക്കാറുണ്ടെങ്കിലും ഒരു വർഷത്തെ 67 ചോദ്യങ്ങൾ അതേപടി വീണ്ടും ചോദിക്കുന്നത് ആദ്യമാണ്. പലതിന്റെയും ചോദ്യനമ്പറിലോ ഓപ്ഷനുകളിലോ പോലും മാറ്റമുണ്ടായിരുന്നില്ല.
പരീക്ഷയെഴുതിയ ഒട്ടേറെപ്പേർ ചോദ്യങ്ങളിലെ ആവർത്തനവും തെറ്റുകളും സമൂഹമാധ്യമങ്ങളിൽ അക്കമിട്ടു ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് എൻടിഎയുടെ വാദം. മാധ്യമങ്ങളിലൂടെയാണു വിവരമറിഞ്ഞതെന്നും അച്ചടിപ്പിശകുകൾ സംഭവിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഒരു പരീക്ഷ പോലും പരാതിയില്ലാതെ നടത്താൻ സാധിക്കാത്ത വിധം എൻടിഎ അധഃപതിച്ചെന്ന് കോൺഗ്രസ് വിമർശിച്ചു.
കോളജ് അധ്യാപക നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനുമുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിൽ 2 പേപ്പറാണുള്ളത്; റീസണിങ് എബിലിറ്റിയും പൊതുവിജ്ഞാനവും ഉൾപ്പെടുന്ന പൊതു പേപ്പറും, അതതു വിഷയത്തിലെ രണ്ടാം പേപ്പറും. ജൂനിയർ റിസർച് ഫെലോകളെ (ജെആർഎഫ്) തിരഞ്ഞെടുക്കുന്നതും നെറ്റ് അടിസ്ഥാനമാക്കിയാണ്. ജൂൺ 22,23,24,25,29,30 തീയതികളിലായിരുന്നു പരീക്ഷ.
എത്തുംപിടിയുമില്ലാതെ ചോദ്യങ്ങൾ: ആരാണീ പുറ്റ്സർ?
പ്രമുഖ സോഷ്യോളജിസ്റ്റ് ആയ റിറ്റ്സർ (Ritzer) നെറ്റ് സോഷ്യോളജി ചോദ്യക്കടലാസിൽ ‘പുറ്റ്സർ’(Putzer) ആയി. സോഷ്യൽ (social) എന്ന വാക്ക് ഓവൽ (oval) എന്നും പ്രശസ്ത ഇന്ത്യൻ സോഷ്യോളജിസ്റ്റ് എ.ആർ. ദേശായി എ.കെ. ദേശായിയും പാഴ്സൻസ് (Parsons) പാഴ്സോയും (Parsow) ആയി. ഒന്നോ രണ്ടോ അക്ഷരത്തെറ്റല്ല, ചോദ്യക്കടലാസിന്റെ പകുതിയിലേറെയും പിഴവുകളുടെ കളിയാണെന്ന് അക്കാദമിക് വിദഗ്ധർ കുറ്റപ്പെടുത്തി. സിലബസുമായി ഒരു ബന്ധവുമില്ലാത്ത പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകൾ ഉൾപ്പെടെ ഗുരുതരമായ പിശകുകളും വ്യാകരണത്തെറ്റുകളും ഉള്ള ചോദ്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ തന്നെ വിദ്യാർഥികൾ കഷ്ടപ്പെട്ടു. മുൻ വിദ്യാഭ്യാസ മന്ത്രിമാരെ ഭരണകാലത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ചോദ്യം എന്തിനു വേണ്ടിയാണ് ഉൾപ്പെടുത്തിയതെന്നു പിടികിട്ടുന്നില്ലെന്ന് വിദ്യാർഥികളിൽ ഒരാൾ എക്സിൽ കുറിച്ചു. ചോദ്യക്കടലാസിന്റെ ഹിന്ദി പരിഭാഷ എഐ ഉപയോഗിച്ചു തയാറാക്കിയതാണെന്നു കുറ്റപ്പെടുത്തിയ വിദ്യാർഥികൾ, കൊച്ചുകുട്ടികൾ ഇതിലും നന്നായി വിവർത്തനം ചെയ്യുമെന്നും പരിഹസിച്ചു.
إرسال تعليق
Thanks