നോർക്കയിൽ അംഗമാകാം; ഐഡി കാർഡ് പ്രചാരണ മാസാചരണം ജൂലൈ 15 വരെ

 


തിരുവനന്തപുരം:നോര്‍ക്കയിൽ അംഗമായി  പ്രവാസി ഐ.ഡി കാര്‍ഡ് എടുക്കുന്നതിന് ജൂലൈ 15 വരെ അവസരം. വിദേശ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾ ഈ അവസരം വിനിയോഗിക്കേണ്ടതാണ്.

വിദേശരാജ്യങ്ങളില്‍ ആറു  മാസത്തിൽ കൂടുതലായി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും മധ്യേയുളള പ്രവാസികേരളീയര്‍ക്കായാണ് നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ്. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി.  ഫീസ് 408 രൂപ. അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. രജിസ്ട്രേഷനാവശ്യമായ പാസ്സ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ്സ് പേജ് എന്നിവയുടെ പകര്‍പ്പ്, വിസാ പേജ്/ഇക്കാമ/വര്‍ക്ക് പെര്‍മിറ്റ്/റസിഡന്‍റ് പെര്‍മിറ്റ്, അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ഒപ്പും എന്നീ രേഖകള്‍ JPEG/PDF ഫോര്‍മാറ്റിലാണ് നല്‍കേണ്ടത്. കാർഡുകൾക്ക് പോർട്ടലിൽ അംഗീകാരം ലഭിക്കുന്ന സമയത്ത് തന്നെ അപേക്ഷകർക്ക് വാട്ട്സ് ആപ്, ഇമെയിൽ എന്നിവ മുഖാന്തിരം  ഇ-കാർഡുകൾ ലഭിക്കും. ഐ.ഡി കാര്‍ഡുകളും ഇന്‍ഷുറന്‍സ് രേഖഖളും ഇനി ഡിജിറ്റലായി (ഇ-കാർഡുകൾ) മാത്രമേ ലഭ്യമാവുകയുളളൂ.  സാധുവായ വിസ ഉണ്ടെങ്കില്‍ കാലാവധി തീരുന്ന തീയതിക്ക് മുന്നു മാസം മുന്‍പ് ഐ.ഡി കാര്‍ഡ് പുതുക്കാവുന്നതാണ്. 


നോര്‍ക്ക റൂട്ട്സ് നല്‍കുന്ന  പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുകള്‍ ഉളളവര്‍ക്കേ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ റവന്യൂ സേവനങ്ങള്‍ക്കും, ബി.എസ്.സി നഴ്സിംങിന് എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.

 പ്രവാസികേരളീയരുടെ ആവശ്യപ്രകാരം 2008 മുതലാണ് പ്രവാസി ഐ.ഡി കാര്‍ഡുകള്‍ക്ക് തുടക്കമായത്. നാളിതുവരെ 10.5 ലക്ഷം പ്രവാസികൾ ഈ പദ്ധതിയിൽ അംഗമായിട്ടുണ്ട്. ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസികേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐ.ഡി കാർഡ് സേവനം സഹായകരമായിട്ടുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post