വിബി ജി റാംജി തൊഴിലുറപ്പു പദ്ധതി: 125 തൊഴിൽദിനങ്ങൾ ലഭിക്കില്ലെന്ന് ആശങ്ക, പ്രായമായവർ പുറത്തായേക്കും


ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് (എൻആർഇജിഎ) പകരമായി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി ജി റാംജി) വന്നതോടെ ഓരോരുത്തർക്കും 125 തൊഴിൽ ദിനങ്ങളുണ്ടാകുമെന്ന വ്യവസ്ഥ ഫലത്തിൽ ലഭിക്കില്ലെന്ന് വിലയിരുത്തൽ. എൻആർഇജിഎയ്ക്കു കീഴിൽ 365 ദിവസത്തിലായിരുന്നു 100 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകിയിരുന്നത്.


എന്നാൽ വിബി ജി റാംജിയിൽ, കാർഷിക വൃത്തിയുടെ സമയങ്ങളിൽ 60 ദിവസം തൊഴിലുറപ്പ് പദ്ധതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്നത് 305 ദിവസത്തിൽ 125 തൊഴിൽ ദിനം ഉറപ്പായി നൽകാൻ കഴിയില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളി സംഘടനാ പ്രതിനിധികൾ പറയുന്നു. കാർഷികവൃത്തിയുടെ 60 ദിന കാലയളവ് ഏതെന്ന് സംസ്ഥാനങ്ങളാണ് നിശ്ചയിക്കേണ്ടത്. ഉത്തരേന്ത്യയിൽ ഏറെ ഭൂമിയുള്ള ജന്മിമാർക്ക് കൃഷിക്കാലത്ത് കുറഞ്ഞ ചെലവിൽ പണിയെടുക്കാൻ ആളുകളെ ലഭിക്കാനാണ് 60 ദിവസത്തെ നിയന്ത്രണമെന്നും ആക്ഷേപമുണ്ട്.


അവിദഗ്ധ തൊഴിലാളികൾക്ക് അവസരം കുറയുന്ന തരത്തിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും പരാതി നിൽക്കുന്നു. തൊഴിലിൽ വൈദഗ്ധ്യമില്ലാത്തവർ കാലക്രമേണ പദ്ധതിയിൽ നിന്ന് പുറത്താകുമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ തൊഴിലുറപ്പ് തൊഴിലാളികളെ പുതിയ പദ്ധതി ആദ്യ മാസങ്ങളിൽ ബാധിക്കില്ല. എന്നാൽ, തൊഴിൽ മേഖലയിൽ വൈദഗ്ധ്യം ആവശ്യം വന്നാൽ അവിദഗ്ധ തൊഴിലാളികൾ പദ്ധതിയിൽ നിന്ന് സ്വാഭാവികമായും പുറത്താകും. അതിന് ഒരു വർഷമെടുത്തേക്കും. പുതിയ പദ്ധതി പ്രകാരം തൊഴിലുറപ്പ് ജോലികളിൽ ശാരീരിക ക്ഷമതയും കണക്കിലെടുക്കാൻ സാധ്യതയുണ്ട്. 50 വയസ്സിന് മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. ശാരീരിക ക്ഷമത വിലയിരുത്തിയാൽ ഇവർ പദ്ധതിയിൽ നിന്ന് പുറത്താകാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു.


266 ജോലി ഇനങ്ങളായിരുന്നു എൻആർഇജിഎയിലെ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ 318 തൊഴിൽ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മെറ്റീരിയൽ വർക്കാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ പൊതുവേ ചെയ്തിരുന്ന മൺകയ്യാല, മഴക്കുഴി നിർമാണം തുടങ്ങിയവ പുതിയ പട്ടികയിൽ ഇല്ല. തരിശുനിലവും തരിശുഭൂമിയും കൃഷിയോഗ്യമാക്കാൻ പദ്ധതിയില്ല. കർഷകർക്കു വ്യക്തിപരമായി തീറ്റപ്പുൽക്കൃഷി നടത്തുന്നതിനു മാർഗമില്ല. സ്വയംസഹായ സംഘങ്ങളായി (എസ്എച്ച്ജി) കൂട്ടമായി വേണമെങ്കിൽ ചെയ്യാം.


തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിൽ തീരുമാനിച്ചിരുന്നത് പഞ്ചായത്തുകളായിരുന്നു. ഗ്രാമസഭകളുടെ ആവശ്യവുമെല്ലാം പരിഗണിച്ചായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ പുതിയ പദ്ധതിയിൽ പഞ്ചായത്തുകൾക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഓരോ പഞ്ചായത്തിനും നിശ്ചയിക്കുന്ന തൊഴിലുറപ്പ് വിഹിതത്തിന് അടിസ്ഥാനത്തിൽ മാത്രമാകും തൊഴിൽ ദിനങ്ങൾ.


എൻആർഇജിഎയിൽ കേന്ദ്ര വിഹിതം കഴിഞ്ഞുള്ള ജോലികളും പഞ്ചായത്തുകൾ നടത്തിയിരുന്നു. കാലതാമസം നേരിട്ടാലും തൊഴിലാളികളുടെ വേതനം പിന്നീട് ലഭിച്ചിരുന്നു. പഞ്ചായത്തുകൾ സ്വന്തം നിലയിൽ ജോലികൾ ചെയ്യിച്ചാൽ പുതിയ പദ്ധതി പ്രകാരം തൊഴിലാളികൾക്ക് വേതനം ലഭിക്കില്ല. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദാനമായിരുന്നെങ്കിൽ പുതിയ പദ്ധതിയിൽ ലഭിക്കുന്ന ഫണ്ടിന് അനുസൃതമായെ തൊഴിൽ ലഭിക്കൂ.


വിബിജി റാം ജി പദ്ധതി കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ബയോ മെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹാജറിന് ബയോ മെട്രിക് സംവിധാനം പ്രായോഗികമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ബയോ മെട്രിക് സംവിധാനത്തിന് ഇന്റർനെറ്റ് കണക്‌ഷൻ നിർബന്ധമാണ്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത മേഖലകളിൽ ഹാജർ രേഖപ്പെടുത്താൻ കഴിയുമോ എന്ന ആശങ്കയാണ് തൊഴിലാളികൾ പങ്കുവയ്ക്കുന്നത്. ബയോ മെട്രിക്ക് ഹാജറിന് പുറമേ, ജിപിഎസ് മൊബൈൽ മോനിട്ടറിങ്, നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ആസൂത്രണം തുടങ്ങിയവ പദ്ധതിയുടെ ഗുണങ്ങളായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ ഒരു പരിധി വരെ മാത്രമായിരുന്നു ഡിജിറ്റൽ നിയന്ത്രണം ഉണ്ടായിരുന്നത്.

Post a Comment

Thanks

Previous Post Next Post