വി.ഡി. സതീശന്റെ നേത്രത്വത്തിലുള്ള പുതിയ കേരള സർക്കാരിന്റെ ബജറ്റിൽ ഏറെ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാർ. പത്തൊമ്പത് വർഷം മുമ്പ് തുടക്കം കുറിച്ചതാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു പ്രൈമറി കമ്മ്യൂണിറ്റി നഴ്സ് എന്ന പദ്ധതി. പരിരക്ഷ എന്ന പേരിൽ മലപ്പുറം ജില്ലയിലാണ് തുടക്കം കുറിച്ചതെങ്കിലും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിച്ചതോടെ പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ വഴി കരാറടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ നിയമനമെങ്കിലും ഇവർക്ക് ജോലി മുഴുവൻ ആരോഗ്യ വകുപ്പിന്റെ കീഴിലാണ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവയിലൂടെ കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവരെ ഇവർ പരിചരിച്ച് വരുന്നു. ഒരു രോഗിയുമായി ഏറെ അടുത്തിടപെടുന്നവരാണ് കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാർ. ചീഞ്ഞളിഞ്ഞ മുറിവ് വൃത്തിയാക്കി കെട്ടുക, രോഗിയെ കുളിപ്പിക്കുക, ഭക്ഷണത്തിനുള്ളതും മൂത്രത്തിനുള്ളതും ആയ ട്യൂബ് ഇടുകയും മാറ്റി കൊടുക്കുകയും ചെയ്യുക , ഫിസിയോ തെറാപ്പി ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.
പത്തൊമ്പത് വർഷമായി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരായി ജോലി ചെയ്യുന്നവരെ പോലും മാറി മാറി വരുന്ന സർക്കാരുകൾ സ്ഥിരപ്പെടുത്തുന്നില്ല എന്നത് ഇവരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. മാത്രമല്ല സർക്കാർ വകുപ്പുകളിൽ തന്നെയുള്ള മറ്റ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് മറ്റ് ആനുകൂല്യങ്ങൾ പലതും ലഭിക്കുമ്പോഴും ഇവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇവർക്ക് മാസത്തിൽ ലഭിക്കുന്ന ഓണറോറിയമാവട്ടെ വളരെ തുഛവുമാണ്. കാലങ്ങളായി ഓണറോറിയം വർധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് വരെ ആരും ചെവി കൊണ്ടിട്ടില്ല. ലഭിക്കുന്ന ഓണറോറിയമാവട്ടെ മൂന്നും നാലും മാസങ്ങൾ കഴിഞ്ഞിട്ടുമാണ് ലഭിക്കാറ്.
വി.ഡി.സതീശൻ അധികാരമേറ്റെടുത്ത ഉടനെ ആശമാർ ഉൾപ്പെടുന്നവരുടെ ഓണറേറിയം വർധന നടപ്പിലാക്കിയത് പോലെ ഈ ബജറ്റിലെങ്കിലും പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാർക്ക് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമെന്ന ഏറെ പ്രതീക്ഷയിലാണ് പാലിയേറ്റീവ് നഴുസുമാർ. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ , ആരോഗ്യ മന്ത്രി കെ.മുരളീധരൻ , വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തദ്ദേശമന്ത്രി കെ.എം.ഷാജിയടക്കമുള്ളവരെ പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks