ചെട്ടിയാം കിണർ: യുവതലമുറയിൽ കായിക സംസ്‌കാരവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബുള്ളറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ചെട്ടിയാം കിണർയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബുള്ളറ്റ് സ്പോർട്സ് അക്കാദമിയുടെ മൾട്ടി പർപ്പസ് സ്പോർട്സ് ടർഫിന്റെ ശിലാസ്ഥാപന ചടങ്ങ് തിങ്കളാഴ്ച ചെട്ടിയാം കിണർ ബുള്ളറ്റ് സ്ക്വയറിൽ നടന്നു.
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. സി. സാഹിറ സൈതലവി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച അവർ, ചെട്ടിയാം കിണർ മേഖലയിലെ കായിക വികസനത്തിനും യുവജനങ്ങളിൽ ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുന്നതിനും ബുള്ളറ്റ് സ്പോർട്സ് അക്കാദമി നടത്തുന്ന സംരംഭം മാതൃകാപരമാണെന്ന് പറഞ്ഞു. ഭാവിയിൽ മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ അക്കാദമിക്ക് കഴിയട്ടെയെന്നും അവർ ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. തൊട്ടിയിൽ സൈതലവി മുഖ്യപ്രഭാഷണം നടത്തി. കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പോലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും, യുവാക്കളുടെ ഒഴിവുസമയങ്ങളെ കായിക പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന ഇത്തരം കളിസ്ഥലങ്ങളും അക്കാദമികളും ലഹരി ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചീമാടൻ ഷരീഫ്, വാർഡ് അംഗങ്ങളായ ഷഹീമ മൻസൂർ, ജംഷീർ ഡി.പി., ബഷീർ, സൈനബ, പാറയിൽ ഷരീഫ് എന്നിവർ പങ്കെടുത്തു.
ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഫിറ്റ്നസ് പരിശീലനം ഉൾപ്പെടെയുള്ള വിവിധ കായിക ഇനങ്ങളിൽ നിലവാരമുള്ള പരിശീലനം നൽകുന്നതിനൊപ്പം, ലഹരി വിരുദ്ധ ബോധവൽക്കരണം, വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും പ്രോത്സാഹിപ്പിക്കുന്ന സമഗ്ര കായിക കേന്ദ്രമായാണ് ബുള്ളറ്റ് സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിക്കുന്നത്.
പ്രദേശത്തെ കായികപ്രേമികൾ, ക്ലബ് അംഗങ്ങൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks