വവ്വാലിന്റെ പരിശോധനാഫലം നെഗറ്റീവ്, നിപ ഉറവിടം കണ്ടെത്താനായില്ല


തിരുവനന്തപുരം: നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വവ്വാലിന്റെ കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യമില്ല. വവ്വാലുകളിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്. 


അതേസമയം നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ നിന്ന് പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.


അതിനിടെ, കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നു മന്ത്രി പറഞ്ഞു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 60 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്നലെ സന്ദർശനം നടത്തി.


സംസ്ഥാനത്ത് ഇന്നലെ 10 പേർക്കു കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒന്നു വീതം പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ജൂൺ മാസം 150 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12), ആലപ്പുഴ (3), മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.


ആഫ്രിക്കയിലെ 3 രാജ്യങ്ങളില്‍ എബോള റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും മാർ‌ഗ നിർദേശങ്ങൾക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നു മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തെ 4 എയര്‍പോര്‍ട്ടുകള്‍, പ്രധാന തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ സമ്പര്‍ക്ക ചരിത്രവും രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ യാത്രക്കാര്‍ക്ക് 21 ദിവസത്തെ ക്വാറന്റീൻ നിർദേശിക്കുകയും വീട്ടിലെത്തിയാലുടന്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്‍റെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എബോള ബാധിത പ്രദേശങ്ങളിൽ നിന്നും 206 യാത്രക്കാർ കേരളത്തിൽ എത്തിയതിൽ 74 പേര്‍ നിലവിൽ വീടുകളില്‍ ക്വാറന്റീനിലാണ്.

Post a Comment

Thanks

أحدث أقدم