താനൂര്‍: പ്രവേശനോത്സവ ദിനത്തില്‍ ആദ്യമായി വിദ്യാലയത്തിലെത്തിയ പിഞ്ചുകുഞ്ഞുങ്ങളെ അധ്യാപകര്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം സ്‌കൂള്‍ ഗേറ്റിന് പുറത്തും പൊരിവെയിലത്തും നിര്‍ത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മുസ്ലിം യൂത്ത്ലീഗ്. കാളംതിരുത്തി ബദല്‍ വിദ്യാലയത്തില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തപ്പെട്ട താനൂര്‍ ബി.ആര്‍.സി അധികൃതര്‍ക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് താനൂര്‍ ബി.ആര്‍.സി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു.
പ്രവേശനോത്സവത്തിനായി പുതിയ യൂണിഫോമും ബാഗും പുസ്തകങ്ങളുമായി ആവേശത്തോടെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഗേറ്റ് തുറന്ന് നല്‍കാനോ ക്ലാസിലേക്ക് പ്രവേശിപ്പിക്കാനോ അധ്യാപകര്‍ സമയത്ത് എത്തിയിരുന്നില്ല. അധ്യാപകരുടെ ഗുരുതരമായ അനാസ്ഥ മൂലം ചെറുപ്രായക്കാരായ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം കടുത്ത ചൂടില്‍ ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ 9.50 ഓടെ താനൂര്‍ ശോഭപറമ്പിനടുത്തുള്ള ബി.ആര്‍.സി ഓഫീസിലെത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയവരെ ഓഫീസിനകത്ത് സുഖമായി ഇരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. പത്ത് മണിയോടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കുട്ടികളെ രാവിലെ 10.49 വരെ ഗേറ്റിന് പുറത്തു നിര്‍ത്തിയതിനാല്‍ അതേ സമയം വരെ ഉദ്യോഗസ്ഥരെയും ഓഫീസിന് പുറത്തു നിര്‍ത്തണമെന്ന് സമരക്കാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടലിനിടയിലും പ്രതിഷേധം തുടര്‍ന്നു.
ഉത്തരവാദികളായ അധ്യാപകരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും വിദ്യാലയത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12.30 വരെ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുകയോ നടപടിയെക്കുറിച്ച് ഉറപ്പ് നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി പ്രതിഷേധം ശക്തമാക്കി. സമരത്തിന്റെ ഗൗരവം വര്‍ധിച്ചതോടെ ഡി.വൈ.എസ്.പി നേരിട്ട് ഇടപെട്ട് ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കാന്‍ ശ്രമിച്ചെങ്കിലും നടപടിയെന്ന ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യൂത്ത്ലീഗ്. ഒടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അത് വരെയും ബി.ആര്‍.സിയിലെ ഉദ്യോഗസ്ഥര്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു.
കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും അവഗണിച്ച അധ്യാപകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബി.ആര്‍.സിയിലെ ചില ഉദ്യോഗസ്ഥര്‍ വിദ്യഭ്യാസ വകുപ്പിനെ ഇകഴ്ത്താന്‍ മനപ്പൂര്‍വ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കാളംതിരുത്തിയിലെ സംഭവമെന്നും സമരത്തിന് നേതൃത്വം നല്‍കിയ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു. മണ്ഡലം ഭാരവാഹികളായ കെ.കെ. റഹീം, പി.കെ. സല്‍മാന്‍, ഹക്കീം മൂച്ചിക്കല്‍, അഡ്വ. സി.എം.എ. അനസ്, അബ്ബാസ് പനയത്തില്‍, വി.ടി. അനീസ് പങ്കെടുത്തു.
.jpeg)
إرسال تعليق
Thanks