കോഴിക്കോട് | നഗരത്തിലെ തിരക്കേറിയ പുഷ്പ ജംഗ്ഷന് സമീപം ഇൻഡോ അസോസിയേറ്റ്സ് കെട്ടിടത്തിന് മുന്നിലെ ഡ്രൈനേജ് സ്ലാബിനുള്ളിൽ കുടുങ്ങിപ്പോയ യുവാവിനെ ഫയർ സർവീസ് ഉദ്യോഗസ്ഥർ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി
റോഡരികിലെ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ ഇടുങ്ങിയ ഇത്തിരിപ്പോന്ന വിടവിലൂടെയാണ് യുവാവ് ഉള്ളിലേക്ക് വീണത്. ഓടയ്ക്കുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഉടൻ തന്നെ കോഴിക്കോട് ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു
സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സ്ലാബ് മാറ്റാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് ഘടന മാറ്റുന്നത് യുവാവിന് പരിക്കേൽക്കാൻ കാരണമാകുമെന്നതിനാൽ അത്യാധുനിക 'ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് സ്ലാബുകൾക്കിടയിലെ വിടവ് സുരക്ഷിതമായി വർദ്ധിപ്പിക്കുകയായിരുന്നു. സ്ലാബുകൾ തകരാതെ താങ്ങി നിർത്താൻ ഇഷ്ടികകളും തടികളും ഉപയോഗിച്ച് കൃത്യമായ സുരക്ഷയൊരുക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏതാണ്ട് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഓടയ്ക്കുള്ളിൽ നിന്നും യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. ശരീരമാകെ അഴുക്കുവെള്ളവും ചെളിയും പുരണ്ട നിലയിലായിരുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രഥമശുശ്രൂഷ നൽകി. ഇയാൾക്ക് വലിയ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ടയാൾ ഏത് സാഹചര്യത്തിലാണ് ഓടയ്ക്കുള്ളിൽ അകപ്പെട്ടതെന്ന് വ്യക്തമല്ല. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.

إرسال تعليق
Thanks