തേഞ്ഞിപ്പലം: ദേശീയപാത 66-ൽ കോഹിനൂരിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ഇന്നോവ കാർ, കോഹിനൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ അതിവേഗത്തിൽ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോഹിനൂരിലെ ലോറി പാർക്കിംഗ് മേഖലയ്ക്ക് സമീപം തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ റോഡുസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉയർത്തിയിട്ടുണ്ട്..

Post a Comment
Thanks